സഞ്ചാരികളെ ആകര്‍ഷിച്ച് പാലരുവി വെള്ളച്ചാട്ടം
തെന്‍മല: ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ പാലരുവി വെള്ളച്ചാട്ടം സഞ്ചാരികളെ മാടിവിളിക്കുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റര്‍ ഉയരമുണ്ട്. സഹ്യപര്‍വതനിരകളില്‍പ്പെട്ട രാജക്കൂപ്പ് മലനിരകളില്‍ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തില്‍ നിന്നും പാല്‍ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികള്‍ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്.
രാജവാഴ്ചക്കാലം മുതല്‍ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കല്‍മണ്ഡപവും ഇവിടെ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ഇവയും സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തില്‍ കുളിച്ചാല്‍ അസുഖങ്ങള്‍ ഭേദമാകുമെന്ന് സമീപവാസികള്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധര്‍ പറയുന്നു. ഉള്‍വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകുമെന്നാണ് അവരുടെ വാദം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനു സഞ്ചാരികള്‍ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂര്‍വ വനങ്ങളും ചേര്‍ന്ന് മനോഹരമായ ഈ പ്രദേശം ജില്ലാ ആസ്ഥാനത്തു നിന്നും 75 കിലോമീറ്റര്‍ അകലെയാണ്.
പല അപൂര്‍വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം. രാജഭരണ കാലത്ത് നായാട്ടിനും വിശ്രമത്തിനുമായി രാജാക്കന്മാര്‍ ഇവിടെ എത്തിയിരുന്നു. കരിങ്കല്ലില്‍ തീര്‍ത്ത വിശ്രമ മണ്ഡപങ്ങളും കുതിരലായങ്ങളുടെ അവിശിഷ്ടങ്ങളും ഇപ്പോഴും ഇവിടെ ഉണ്ട്. കൊല്ലവര്‍ഷം 1099ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പാലരുവിയിലെ സ്‌നാനഘട്ടം തകരുകയും രാജാക്കന്മാര്‍ തെങ്കാശികുറ്റാലത്തേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തതായാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."