കാഞ്ഞിരത്തിനാല്‍ ഭൂസമരം; സര്‍ക്കാറിനെ പ്രകോപിപ്പിക്കാനില്ലെന്ന് പി.സി തോമസ്
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബം വില കൊടുത്ത് വാങ്ങിയ ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും വിഷയം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ.പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നടപടികളുമായി മുന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ ഭരണകക്ഷിയുടെ ജനപ്രതിനിധി താനുമായി ചര്‍ച്ച നടത്തിയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി. നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നായിരുന്നു മറുപടി. കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു വനം വകുപ്പ് പിടിച്ചെടുത്ത 12 ഏക്കര്‍ സ്ഥലം 1977ലെയും 2013ലെയും വിജ്ഞാപനത്തില്‍ പറയുന്ന ഭൂമിയുടെ ഭാഗമല്ലെന്നു വ്യക്തമാക്കിയും ഭൂമി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചത്.
കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിച്ചാണ് കത്തുകള്‍ അയച്ചത്. കോടതിയില്‍ കേസുള്ളതാണ് ഭൂമി വിട്ടുകൊടുക്കാന്‍ തടസമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സബ്മിഷനു മറുപടി നല്‍കിയിരുന്നു.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുക്കുന്നതിനു തടസമാകരുതെന്നു കരുതിയാണ് സുപ്രീംകോടതിയുടെ അനുവാദത്തോടെ പ്രത്യേകാനുമതി ഹരജി പിന്‍വലിച്ചത്. കത്തുകള്‍ നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും മറുപടി ലഭിച്ചിട്ടില്ല. എങ്കിലും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്ന് പി.സി തോമസ് അവകാശപ്പെട്ടു.
അതിനിടെ പി.സി തോമസ് മുഖ്യമന്ത്രിക്കു നല്‍കിയെന്ന് പറയപ്പെടുന്ന കത്തിന്റെ മറ്റൊരു പകര്‍പ്പിലും മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് പറഞ്ഞ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലും വെവ്വേറെ തിയ്യതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ കത്തില്‍ മാര്‍ച്ച് 23 ആണ് തിയ്യതി.
രണ്ടാമത്തെ കത്തില്‍ മാര്‍ച്ച് 15 ഉം. മാത്രമല്ല, കേരള കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ ലെറ്റര്‍പാഡിലാണ് രണ്ടാമത്തെ കത്ത്. ഇത് സംബന്ധിച്ച ചേദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. താനറിയാതെയാണ് സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിച്ചതെന്നും പിസി തോമസ് വസ്തുതകള്‍ മനസ്സിലാക്കാതെയാണ് കേസുമായി മുന്നോട്ടുപോകുന്നതെന്നും കഴിഞ്ഞ ദിവസം കാഞ്ഞിരത്തിനാല്‍ ജയിംസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചിരുന്നു.
ജയിംസിന്റെ ആരോപണം പി സി തോമസ് നിഷേധിച്ചു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു നീതി ലഭിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ കാഞ്ഞിരത്തിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട 2009ല്‍ കോഴിക്കോട് വിജിലന്‍സ് എസ്.പി ശ്രീശുകന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി ശിപാര്‍ശ ചെയ്ത വനം ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ അനുവാദമുണ്ടെങ്കില്‍ മാത്രമേ കേസുമായി മുന്നോട്ടു പോവുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."