അഭയാര്‍ഥി പ്രശ്‌നം: മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ ഇ.യു നേതാക്കന്മാര്‍ കരാറിലെത്തി
ബ്രസല്‍സ്: മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) നേതാക്കള്‍ കരാറിലെത്തി. ബ്രസല്‍സില്‍ നടന്ന ഇ.യു ഉച്ചകോടിയില്‍ ഒന്‍പതു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ധാരണയായത്. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ളതാണ് കരാര്‍.
അംഗരാജ്യങ്ങളില്‍ 'നിയന്ത്രണ കേന്ദ്രങ്ങള്‍' സ്ഥാപിക്കാനാണ് കാരാര്‍ നിര്‍ദേശിക്കുന്നത്. അഭയം നല്‍കാന്‍ യോഗ്യരായവരെയും അല്ലാത്തവരെയും ഈ കേന്ദ്രത്തില്‍ വച്ച് നിര്‍ണയിക്കും. എത്രയും പെട്ടെന്നും സുരക്ഷിതത്തോടെയും കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും കരാറില്‍ പറയുന്നു.
എന്നാല്‍ ഏതൊക്കെ രാജ്യങ്ങളിലാണ് 'നിയന്ത്രണ കേന്ദ്രങ്ങള്‍' പ്രവര്‍ത്തിക്കുകയെന്ന് വ്യക്തമല്ല. അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കലും പുതിയ കേന്ദ്രത്തിലേക്കു മാറ്റലും കേന്ദ്രത്തിന് സ്വന്തമായി ചെയ്യാനാവും.
തുര്‍ക്കിക്കുള്ള ധനസഹായം കൂട്ടാനും യോഗത്തില്‍ തീരുമാനമായി. വടക്കന്‍ ആഫ്രിക്കയിലേക്കുള്ള ഫണ്ടിങ് 500 മില്യണ്‍ യൂറോ ധനസഹായവും അനുവദിച്ചു.
കടലില്‍ നിന്ന് രക്ഷപ്പെടുത്തുന്ന അഭയാര്‍ഥികളുടെ ഉത്തരവാദിത്തം പങ്കുവയ്ക്കാന്‍ 28 രാജ്യങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. അഭയാര്‍ഥി നിയന്ത്രണത്തിനു വേണ്ടി ആഭ്യന്തര നിയമം ഉണ്ടാക്കാനും കരാര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
അഭയാര്‍ഥി പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന് ഇറ്റലിയുടെയും ജര്‍മ്മനിയുടെ ഭാഗത്തു നിന്ന് ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു. കരാര്‍ വന്നതിനു ശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്വിസെപ്പ് കോണ്‍ടെ പ്രതികരിച്ചത്, ഇനി ഇറ്റലി ഒറ്റയ്ക്കല്ല എന്നാണ്.
ഇറ്റലിയിലേക്കാണ് അഭയാര്‍ഥികള്‍ കൂടുതലും എത്തുന്നത്. സിറിയ, യെമന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് കടല്‍വഴി ഇ.യു രാജ്യങ്ങളില്‍ എത്തുന്നത്.
വ്യാഴാഴ്ച ജര്‍മ്മന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ച ചാന്‍സലര്‍ ആംഗല മെര്‍ക്കലും ശക്തമായ ആവശ്യമുന്നയിച്ചിരുന്നു. ഇപ്പോള്‍ തീരുമാനമായില്ലെങ്കിലും അതൊരു തീരാ പ്രശ്‌നമായിരിക്കുമെന്നായിരുന്നു മെര്‍ക്കലിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."