തലക്കെട്ടില്‍ വൈറലായി വീക്ഷണം; ടെലഗ്രാഫിനു പഠിക്കുകയാണോയെന്ന് സോഷ്യല്‍ മീഡിയ
കോഴിക്കോട്: കോടികള്‍ തട്ടി രാജ്യംവിട്ട നീരവ് മോദിയെ ലണ്ടനില്‍ ഇന്നലെ അറസ്റ്റ് ചെയ്ത വാര്‍ത്ത കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം അവതരിപ്പിച്ച വ്യത്യസ്തമായ ശൈലി വൈറലാവുന്നു. മൂന്നു മോദിമാരുടെ ചിത്രം കൊടുത്ത്, 'ഒരു മോദി അറസ്റ്റില്‍' എന്നാണ് തലക്കെട്ടു നല്‍കിയത്.
കേരളത്തിലെ എല്ലാ കോണ്‍ഗ്രസുകാര്‍ക്കു പോലും കൃത്യമായി ലഭിക്കാത്ത വീക്ഷണം പത്രം, ഈ ഒരറ്റ തലക്കെട്ടിലൂടെ പറപറക്കുകയാണ്.
നീരവ് മോദിയെക്കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലളിത് മോദി എന്നിവരുടെ ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. മോദിക്കെതിരായ റാഫേല്‍ അടക്കമുള്ള ആരോപണങ്ങള്‍ രാഷ്ട്രീയമായി ഉന്നയിക്കുക കൂടി ചെയ്യുകയാണ് വീക്ഷണം.
പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് കരാറില്‍ നേരിട്ടിടപെട്ട് സുഹൃത്ത് അനില്‍ അംബാനിക്ക് 30,000 കോടി രൂപ ലാഭമുണ്ടാക്കാന്‍ കൂട്ടുനിന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം വീക്ഷണം ഉയര്‍ത്തിക്കാട്ടുന്നു. സാമ്പത്തിക കുറ്റവാളികളായ നീരവ് മോദി, ലളിത് മോദി, വിജയ് മല്യ തുടങ്ങിയവരെ രാജ്യംവിടാന്‍ സഹായിച്ചുവെന്ന ആരോപണവും വീക്ഷണം ഉന്നയിക്കുന്നു.
പിന്നീട് നല്‍കിയിരിക്കുന്നത് ലളിത് മോദിക്കെതിരായ കേസ് വിവരങ്ങളാണ്. ഐ.പി.എല്‍ കമ്മിഷണറായിരുന്ന ലളിത് മോദി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ടു. ലളിത് മോദിയും രാജ്യംവിട്ടത് ബി.ജെ.പി സര്‍ക്കാരിന്റെ അനുവാദത്തോടെയാണെന്നും വീക്ഷണത്തില്‍ പറയുന്നു.
ദേശീയ ദിനപത്രങ്ങളില്‍ 'ദ ടെലഗ്രാഫ്' ഇത്തരം തലക്കെട്ടുകള്‍ കൊണ്ടും വാര്‍ത്തകള്‍ കൊണ്ടും ഈയിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീക്ഷണത്തില്‍ ടെലഗ്രാഫിലെ മാധ്യമപ്രവര്‍ത്തകര്‍ കടന്നുകൂടിയോ എന്നുവരെ സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നുണ്ട്.
എന്തായാലും വീക്ഷണവും കോണ്‍ഗ്രസും ഉയര്‍ത്തുന്ന രാഷ്ട്രീയം ഏറ്റവും ഭംഗിയായി തന്നെ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് വാര്‍ത്തയില്‍. നീരവ് മോദിയെ അറസ്റ്റ് ചെയ്യിപ്പിച്ചത് തങ്ങളുടെ നേട്ടമാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ രാഷ്ട്രീയ മറുപടി കൂടിയാണ് വീക്ഷണം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."