പറങ്കിപ്പടയോട്ടം
പാരിസ്: ലോക ഫുട്‌ബോളര്‍ പട്ടം മൂന്നു വട്ടം നേടിയിട്ടും അന്താരാഷ്ട്ര ഫുട്‌ബോള്‍ കിരീടം നേടിയിട്ടില്ലെന്ന പഴി മെസ്സിയെപ്പോലെ ഇനി ക്രിസ്റ്റ്യാനോക്ക് ഉണ്ടാവില്ല. യൂറോ കപ്പിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് പറങ്കിപ്പട ആദ്യ അന്താരാഷ്ട്ര കിരീടത്തില്‍ മുത്തമിട്ടു. 109ാം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ എഡര്‍ നേടിയ തകര്‍പ്പന്‍ ഗോളിലാണ് പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ മറികടന്നത്.
ഈ യൂറോയില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരങ്ങള്‍ കണ്ട ആരും അവര്‍ കപ്പടിക്കുമെന്നു ചിന്തിച്ചിരുന്നില്ല. മൂന്നു സമനിലകളുമായി നോക്കൗട്ടിലേക്ക് കടന്ന അവര്‍ പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും നൂലില്‍ തൂങ്ങി വിജയിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സെമിയില്‍ വെയ്ല്‍സിനെതിരേയാണ് പോര്‍ച്ചുഗല്‍ ആധികാരിക വിജയം 2-0ത്തിനു സ്വന്തമാക്കിയതെന്നു പറയാം. കളിയേക്കാള്‍ അവര്‍ക്ക് തുണയായത് ഭാഗ്യവും ഒപ്പം കോച്ച് സാന്റോസിന്റെ തന്ത്രങ്ങളുമായിരുന്നു. അതിലുപരി ടീമിലെ ഓരോ താരങ്ങളും കിരീടം ആഗ്രഹിച്ചിരുന്നു. അവരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും കിരീട വിജയത്തില്‍ നിര്‍ണായകമായി.
പന്തുരുണ്ടു തുടങ്ങിയതു മുതല്‍ ആദ്യ ഇരുപതു മിനുട്ടോളം പോര്‍ച്ചുഗല്‍ ചിത്രത്തിലേ ഇല്ലായിരുന്നു. പൂര്‍ണ ആധിപത്യം കൈക്കലാക്കി ഫ്രാന്‍സ് പോര്‍ചുഗല്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍ അപകട ഭീഷണിയുയര്‍ത്തി. ഇരു വിങ്ങിലൂടെയുമുള്ള നിരന്തര ആക്രമണമുണ്ടായപ്പോള്‍ ഗോളി പാട്രീഷ്യക്ക് വിശ്രമമുണ്ടായിരുന്നില്ല. പന്തു കിട്ടാനായി ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇടിത്തീയെന്നോണമാണ് ക്രിസ്റ്റ്യാനോക്ക് പരുക്കേറ്റത്. ഏഴാം മിനുട്ടില്‍ പന്ത് മുന്നേട്ടെടുക്കുന്നതിനിടെ പയെറ്റിന്റെ ടാക്ലിങ്ങില്‍ സൂപ്പര്‍ താരത്തിന്റെ കാല്‍മുട്ടിന് പരുക്കേറ്റു. പ്രാഥമിക ചികിത്സക്കു ശേഷം കളി തുടര്‍ന്നെങ്കിലും ആരാധകരെ നിശബ്ധരാക്കി 24ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോയ്ക്ക് കളം വിടേണ്ടി വന്നു. പൊട്ടിക്കരഞ്ഞ് പുറത്തുപോയ ക്രിസ്റ്റ്യാനോ ക്യാപ്റ്റന്റെ ആം ബാന്‍ഡ് നാനിക്ക് കൈമാറിയാണ് കളം വിട്ടത്. ഇതോടെ പോര്‍ചുഗലിന്റെ ഗെയിം പ്ലാനില്‍ വന്‍ മാറ്റങ്ങളുണ്ടായി. പകരക്കാരനായി ഇറങ്ങിയ റിക്കാര്‍ഡോ ക്വരെസ്മക്കും നാനിക്കുമായി ഗോളടിക്കാനുള്ള ചുമതല. ക്രിസ്റ്റ്യാനോ കളംവിട്ടതോടെ രണ്ടുംകല്‍പ്പിച്ച് പറങ്കിപ്പട പൊരുതാനും തുടങ്ങി.
ഫ്രാന്‍സിന്റെ അക്രമണത്തിനു ചുക്കാന്‍ പിടിക്കുമെന്നു കരുതിയിരുന്ന അന്റോണിയോ ഗ്രിസ്മാന് ഫൈനലില്‍ കാര്യമായൊന്നും ചെയ്യാനായില്ല. മോനോഹരമായ ഡ്രിബ്‌ളിങ്ങും വേഗമതയുമായി സിസ്സോകോയായിരുന്നു മികച്ചു നിന്നത്. ആദ്യ പകുതിയില്‍ തന്നെ ലോങ് റേഞ്ച് ഷോട്ടുമായി സിസ്സോകോ പാട്രീഷ്യയെ പേടിപ്പിച്ചുകൊണ്ടേയിരുന്നു. പല ഷോട്ടുകളും നിര്‍ഭാഗ്യത്തിനാണു പുറത്തുപോയത്. 33ാം മിനുട്ടില്‍ പയെറ്റ് നല്‍കിയ പാസില്‍ നിന്നു അത്യുഗ്രന്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോളിയുടെ സേവില്‍ പോര്‍ച്ചുഗല്‍ രക്ഷപ്പെട്ടു. ആദ്യ പകുതിയില്‍ പിന്നീട് കാര്യമായ നീക്കമൊന്നും ഇരു ടീമുകളില്‍ നിന്നുമുണ്ടായിരുന്നില്ല.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും വിയര്‍ത്തു കളിച്ചെങ്കിലും പന്തു വലയിലെത്തിക്കാന്‍ മാത്രം കഴിഞ്ഞില്ല. പിന്നീട് പയെറ്റിനെ പിന്‍വലിച്ച് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് കിങ്‌സ്‌ലി കോമാനെ കളത്തിലിറക്കി. 65ാം മിനുട്ടില്‍ കോമാന്റെ ക്രോസ് ഗ്രിസ്മാന്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് ചെത്തിയിട്ടെങ്കിലും തലനാരിഴക്ക് പന്തു പുറത്തുപോയി.
പിന്നീട് ഫ്രാന്‍സ് ഉതിര്‍ത്ത ഓരോ ഷോട്ടുകളും സ്‌പൈഡര്‍മാനെപ്പോലെ ഗോളി പാട്രീഷ്യ നിഷ്പ്രഭമാക്കി. കളി 90 മിനുട്ടും പിന്നിട്ടപ്പോള്‍ ഇരു പക്ഷവും ഗോള്‍ വഴങ്ങാതെ നിന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അതിനിടെ യുവതാരം റെനാറ്റോ സാഞ്ചസിനെ പിന്‍ലിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ സാന്റോസ് എഡറിനെ കളത്തിലിക്കി.
പിന്നീട് അധികസമയത്തും ഇരു ടീമുകള്‍ക്ക് ഒരുപാടു അവസരം ലഭിച്ചു. 107ാം മിനുട്ടില്‍ പോര്‍ച്ചുഗലിനു കിട്ടിയ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി തെറിച്ചു പോയി 109ാം മിനുട്ടിലായിരുന്നു പോര്‍ച്ചുഗല്‍ ആരാധകരുടെ ആരവങ്ങള്‍ക്കും ആതിഥേയരുടെ കണ്ണീരിനും സാക്ഷിയായ നിമിഷം വന്നത്. പകരക്കാരനായിറങ്ങിയ എഡറിന് ഗോള്‍മുഖത്തു നിന്നു വാരങ്ങള്‍ക്കകലെ നിന്നു പന്തു കിട്ടി. ഗ്രൗണ്ടിന്റെ നടുവിലേക്ക് നീങ്ങിയ താരത്തെ തടയാന്‍ ഫ്രാന്‍സിന്റെ പ്രതിരോധ നിരയിലെ താരങ്ങള്‍ കാര്യമായൊന്നും വന്നില്ല. മീറ്ററുകള്‍ക്കകലെ നിന്നു അത്യുഗ്രന്‍ ഗ്രൗണ്ട് ഷോട്ട് . പന്ത് ഉരുണ്ട് നേരെ പോസ്റ്റിന്റെ വലതു മൂലയിലേക്ക്. കണ്ണടച്ചു മുഖം പൊത്തി പ്രാര്‍ഥിച്ച ചുവന്ന സാഗരം ആര്‍ത്തട്ടഹസിച്ചു. ഇനിയൊരു തിരിച്ചുവരുവുണ്ടാവില്ല എന്നറിഞ്ഞ ഫ്രഞ്ച് ആരാധകര്‍ കണ്ണുനീര്‍ തുടച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്കു നീണ്ട കാത്തിരിപ്പിനൊടുവില്‍ പോര്‍ച്ചുഗല്‍ നെഞ്ചുവിരിച്ച് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."