തീവ്രവാദം ഖുര്‍ആനിന് എതിര്: സാക്കിര്‍ നായിക്
റിയാദ്: തനിക്കെതിരേ നടക്കുന്ന വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏജന്‍സികള്‍ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നു സാക്കിര്‍ നായിക്. ജനങ്ങളെ കൊന്നൊടുക്കുന്ന തീവ്രവാദത്തോട് ഇസ്‌ലാമിനു യോജിപ്പില്ലെന്നും തന്റെ പ്രസംഗംകേട്ട് ആരെങ്കിലും ഭീകരപ്രവര്‍ത്തനം നടത്തുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ ഇസ്‌ലാമിന്റെ പേരില്‍ മുസ്‌ലിംകളെ തെറ്റായ വഴിയിലേക്കു നയിക്കുന്നുണ്ട്. ഇവരെ കരുതിയിരിക്കണം. നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദ പ്രവര്‍ത്തനം ഖുര്‍ആനിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. സഊദിയിലുള്ള അദ്ദേഹം ഇന്നലെ മുംബൈയിലേക്കു തിരിക്കാനുള്ള ശ്രമത്തിലായിരുന്നെങ്കിലും യാത്ര റദ്ദാക്കി. മുംബൈയിലെത്തി വാര്‍ത്താസമ്മേളനം വിളിക്കുമെന്നു സാക്കിര്‍ നായിക് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വാര്‍ത്താസമ്മേളനം സ്‌കൈപ് വഴി നടത്തുമെന്നാണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. ഇവിടെനിന്ന് ആഫ്രിക്കന്‍ പര്യടനത്തിനു പുറപ്പെടുമെന്നും സാക്കിര്‍ നായിക് പറഞ്ഞു.
അന്വേഷണത്തില്‍ എന്‍.ഐ.എയുമായി സഹകരിക്കും. ഇന്ന് ആഫ്രിക്കയിലേക്കു പുറപ്പെടാനാണ് തീരുമാനമെന്നാണ് വിവരം. പീസ് ടി.വി നിരോധനത്തില്‍ വേദനയുണ്ടെന്നും താന്‍ വിവിധ ചാനലുകളില്‍ പ്രസംഗിക്കാറുണ്ടെന്നും തന്റെ ഫേസ്ബുക്ക് പേജിന് 14 ദശലക്ഷം ലൈക്കുണ്ടെന്നും അതില്‍ ഏറെയും ബംഗ്ലാദേശുകാരാണെന്നും സാക്കിര്‍ നായിക് പറഞ്ഞു. ഇന്ത്യയിലെ മാധ്യമവിചാരണയില്‍ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സാക്കിര്‍ നായികിനെ പിന്തുണച്ചു സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും രംഗത്തുവന്നു. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."