തെറ്റായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പുനഃസ്ഥാപിക്കും
മുക്കം: ഡേറ്റാ ബേസില്‍ നിന്ന് തെറ്റായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പുന:സ്ഥാപിക്കും.
ഡി.ബി.ടി സംവിധാനത്തില്‍ വിതരണം ചെയ്യുന്ന വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ കൃത്യമാക്കുന്നതിനും അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ ധാരാളം ഗുണഭോക്താക്കളെ തദ്ദേശ സ്ഥാപനങ്ങള്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതിനെതിരേ പരാതികള്‍ ഉയര്‍ന്നതോടെയാണ്് തെറ്റായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ പെന്‍ഷന്‍ ഉടന്‍ പുന:സ്ഥാപിച്ചു നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ വ്യക്തമായ കാരണത്താല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ പെന്‍ഷന്‍ പുന:സ്ഥാപിക്കേണ്ടതില്ല.
രണ്ട് പെന്‍ഷന്‍ വാങ്ങിക്കുന്നവരുടെ കാര്യത്തില്‍ അധികമായി വാങ്ങിയ തുക തിരിച്ചടച്ചതിന് ശേഷം വ്യക്തമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുന:സ്ഥാപിക്കുകയുള്ളു. അര്‍ഹതയില്ലാത്തവര്‍ക്കും അധികമായി വാങ്ങിയ തുക തിരിച്ചടക്കാത്തവര്‍ക്കും പെന്‍ഷന്‍ പുന:സ്ഥാപിച്ചു നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ പുന:സ്ഥാപിക്കുന്ന ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അതത് പഞ്ചായത്ത് ഡയരക്ടറേറ്റുകളിലെ ഡി.ബി.ടി സെല്ലില്‍ നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."