പ്ലസ്‌വണ്‍ സീറ്റിന് കോഴ: കൂടുതല്‍ ആരോപണങ്ങള്‍; കനത്ത പ്രതിഷേധം
അരീക്കോട്: ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ക്കു പണം വാങ്ങുന്ന മാനേജുമെന്റുകള്‍ക്കെതിരേ പ്രതിഷേധം. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള മാനേജ്‌മെന്റ് സ്‌കൂളുകളില്‍ വ്യാപകമായ രീതിയില്‍ കോഴ വാങ്ങുന്നതായി ഇന്നലെ സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലയിലെ വിദ്യാര്‍ഥി, യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പലയിടങ്ങളിലും രക്ഷിതാക്കളുടെ നേതൃത്വത്തിലും പ്ലസ്‌വണ്‍ സീറ്റ് കച്ചവടം ചെയ്യുന്ന സ്‌കൂളുകള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇടനിലക്കാര്‍ മുഖേന സ്‌കൂളുകള്‍ പണം വാങ്ങുന്നതു വാര്‍ത്തയായതോടെ മാനേജ്‌മെന്റ് നിര്‍ബന്ധപൂര്‍വം വാങ്ങിയ പണത്തിന്റെ വിവരങ്ങള്‍ രക്ഷിതാക്കള്‍ പുറത്തുപറയുന്നുണ്ട്. സര്‍ക്കാരിലേക്കു നല്‍കേണ്ട പണമാണെന്നു തെറ്റിദ്ധരിപ്പിച്ചു കോഴ വാങ്ങുന്ന മാനേജ്‌മെന്റുകളുമുണ്ട്.
ചിലരില്‍നിന്നു മൂന്നു തവണകളിലായി പണം വാങ്ങിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ആയിരക്കണക്കിനു കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിന് അവസരം ലഭിക്കാതെ പുറത്തുനില്‍ക്കുമ്പോഴാണ് മാനേജ്‌മെന്റുകള്‍ കച്ചവട കണ്ണുകളോടെ വിദ്യാര്‍ഥികളോടു പെരുമാറുന്നത്. ഏജന്‍സികള്‍ കേന്ദ്രീകരിച്ചുള്ള മാനേജ്‌മെന്റുകളുടെ പണപ്പിരിവ് സുപ്രഭാതം വാര്‍ത്തയാക്കിയതോടെ വാങ്ങിയ പണം വിദ്യാര്‍ഥികള്‍ക്കു തിരിച്ചുനല്‍കാനുള്ള നീക്കവും നടക്കുന്നുണ്ട്. അരീക്കോട് ഭാഗത്തെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വാങ്ങിയ പണം ഇന്നു തിരിച്ചുനല്‍കുമെന്നാണ് സൂചന.
'കടം വീട്ടണം,
പണം തന്നേ പറ്റൂ...'
സ്‌കൂളില്‍ മകളെ ചേര്‍ക്കാനെത്തിയ രക്ഷിതാവിനോട് ഒരു സ്‌കൂള്‍ മാനേജര്‍ ചോദിച്ചത് 8,800 രൂപയാണ്. ഇത്രയും തുക നല്‍കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നു രക്ഷിതാവ് അറിയിച്ചെങ്കിലും സ്‌കൂളിനു ലക്ഷങ്ങളുടെ കടമുണ്ടെന്നും അതു വീട്ടണമെന്നുമായിരുന്നു മാനേജറുടെ മറുപടി.
പണം നല്‍കാതെ മകള്‍ക്ക് പ്ലസ്‌വണ്‍ സീറ്റ് ലഭിക്കില്ലെന്നായതോടെ ഒടുവില്‍ നാലു തവണയായി പണം നല്‍കാമെന്നായി രക്ഷിതാവ്.
എന്നാല്‍, മാനേജര്‍ സ്വരം കടുപ്പിച്ചതോടെ 8,800 രൂപ നല്‍കേണ്ടിവന്നെന്നും കടം വാങ്ങിയാണ് ഇത്രയും പണം ഉണ്ടാക്കിയതെന്നും രക്ഷിതാവ് സുപ്രഭാതത്തോട് പറഞ്ഞു.
മക്കളുടെ പഠനത്തിനുവേണ്ടി നിരവധി രക്ഷിതാക്കളാണ് ഇത്തരത്തില്‍ മാനേജ്‌മെന്റുകളുടെ കാല്‍ക്കല്‍ വീഴുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."