സ്കൂള്‍ വിദ്യാര്‍ഥികളുടെ ദാരുണമരണത്തില്‍ വിറങ്ങലിച്ച് നാട്
കുറ്റ്യാടി: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടു വിദ്യാര്‍ഥികളുടെ ദാരുണമായ മരണത്തില്‍ നാട് വിറങ്ങലിച്ചു. ഇന്നലെ ഉച്ചയോടെ സ്കൂളിനു സമീപത്തുണ്ടായ റോഡപകടത്തില്‍ അഞ്ചും ഏഴും ക്ലാസില്‍ പഠിക്കുന്ന മൊകേരി സ്വദേശികളും അയല്‍വാസികളുമായ ആദില്‍ (10), അര്‍ജിത് (12) എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.
പി.ടി.എ യോഗം നടക്കുന്നതിനാല്‍ സ്കൂള്‍ നേരത്തെ വിട്ടിരുന്നു. സ്കൂളില്‍ നിന്ന് അരക്കിലോമീറ്ററോളം ദൂരമുള്ള മൊകേരിയിലെ വീട്ടിലേക്കു നടന്നുപോകുകയായിരുന്ന കുട്ടികളെ കുറ്റ്യാടി ഭാഗത്തു നിന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട സ്കൂട്ടറും ഇടിച്ചു തകര്‍ത്തു. സൈക്കിള്‍ യാത്രക്കാര്‍ മഴ കാരണം അടുത്തുള്ള കടയില്‍ കയറി നിന്നതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ സൈക്കിളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കുട്ടികള്‍ രണ്ടുപേരും അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൊകേരിക്കും വട്ടോളിക്കുമിടയിലെ റോഡ് സ്ഥിരം അപകടമേഖലയായിട്ടും വേഗത നിയന്ത്രിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
വിദ്യാര്‍ഥികളുടെ മരണ വാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്നായി നൂറുകണക്കിന് ആളുകള്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, മുന്‍ എം.എല്‍.എ കെ.കെ ലതിക, പി. മോഹനന് മാസ്റ്റര്‍, കെ. സജിത്ത്, കെ.ടി രാജന്, വി.എം ചന്ദ്രന് എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."