കോവിഡ്: ബഹ്റൈനില്‍ 24 മണിക്കൂറിനിടെ ഒരു പ്രവാസിയടക്കം 4 പേര്‍ മരിച്ചു
>>ഞായറാഴ്ച രോഗമുക്തിയിലും രോഗബാധയിലും റെക്കോര്‍ഡ് വര്‍ധന
മനാമ: ബഹ്റൈനിൽ 24 മണിക്കൂറിനിടെ ഒരു പ്രവാസി അടക്കം 4 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹ്റൈനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക കണക്ക് 19ആയി. ഇതില്‍ 6 പേര്‍ പ്രവാസികളാണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം 4 മണിക്ക് പുറത്തുവിട്ട കണക്കനുസരിച്ചാണ് ഒരു പ്രവാസിയുള്‍പ്പെടെ 4 പേര്‍ മരണപ്പെട്ടതായി അറിയുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് 88 ഉം 59 ഉം വയസ്സുള്ള രണ്ടു ബഹ്റൈന്‍ പൗരന്മാരുടെ മരണം ആദ്യം മന്ത്രാലയം സ്ഥിരീകരിച്ചത്. പിന്നീട് 70 വയസ്സുള്ള ഒരു ബഹ്റൈന്‍ പൗരന്‍റെ മരണവും സ്ഥിരീകരിച്ചു.
തുടര്‍ന്ന് വൈകിട്ട് പ്രാദേശിക സമയം 4 മണിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഒരു വിദേശിയുടെ മരണം കൂടി സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചത്.
ഇവരെല്ലാം രാജ്യത്ത് പ്രത്യേക കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവര്‍ക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേ സമയം മരണപ്പെട്ട പ്രവാസിയുടെ പേരു വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അതിനിടെ ഞായറാഴ്ച മാത്രം ബഹ്റൈനില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 495 ആയി. ഇതില്‍ 341 പേരും പ്രവാസികളാണ്. ഇത് രാജ്യത്തെ റെക്കോര്‍ഡ് കണക്കാണ്.
നിലവില്‍ രാജ്യത്ത് 4596പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 12 പേര്‍ ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവരെല്ലാം ആരോഗ്യ നിലവീണ്ടെടുക്കുമെന്ന പ്രതീക്ഷയുണ്ട്. അതിനിടെ ഞായറാഴ്ച മാത്രം 847 പേര്‍ രോഗമുക്തരായത് ആശ്വാസ വാര്‍ത്തയായി. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 6673 ആയി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."