കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റണം: മന്ത്രി എ.സി മൊയ്തീന്‍
കോഴിക്കോട്: വ്യവസായസംരംഭം തുടങ്ങാന്‍ തിരുവനന്തപുരത്തേക്ക് പോകേണ്ട അവസ്ഥ ഒഴിവാക്കാന്‍ താഴെക്കിടയില്‍ നിന്നുതന്നെ അനുമതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എ.സി മൊയ്തീന്‍. കേരള വ്യവസായ വികസന വികസന കോര്‍പറേഷന്റെ (കെ.എസ്.ഐ.ഡി.സി) മൂന്നാമത്തെ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റണമെന്നും തൊഴില്‍ അവസരത്തിനു പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് കേരളീയ സമൂഹമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തൊഴില്‍ അവസരത്തെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കണം. സംരഭകരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കും.
കേരളത്തില്‍ നിക്ഷേപം നടത്താനുള്ള ഭയം നിലവിലുണ്ട്. ജനങ്ങള്‍ക്ക് സേവനം ലഭിക്കാന്‍ നിയമങ്ങള്‍ ലളിതമാക്കണം. ഉപദ്രവകരമായ വ്യവസായസംരഭങ്ങള്‍ കേരളത്തില്‍ വേണ്ട. മറ്റു സംരഭങ്ങള്‍ തുടങ്ങാന്‍ കേരളത്തില്‍ എന്താണ് പ്രയാസമെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് വ്യവസായത്തിന് സൗഹൃദപരമായ അന്തരീക്ഷമുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിയമപരമായി അതിനുള്ള അന്തരീക്ഷം ഒരുക്കുക എന്നതാണ് നയം.
കേന്ദ്രഗവണ്‍മെന്റിന്റെ വ്യാവസായികനയം അനുസരിച്ച് കേരളം എത്തിയിരിക്കുന്നത് പിറകിലാണ്. കണ്ണൂര്‍ വിമാനത്താവളം തുറക്കുന്നതോടെയും കരിപ്പൂരില്‍ ഭൂമി ഏറ്റെടുത്ത് പൂര്‍ത്തിയാകുന്നതോടെയും പുതിയ അന്തരീക്ഷം വരും.
വ്യവസായത്തില്‍ ഒരു കാലത്ത് മുന്‍പന്തിയിലുണ്ടായ കോഴിക്കോട് ഇന്ന് നഷ്ടപ്രതാപത്തിലാണ്. കോഴിക്കോടിനെ അതില്‍നിന്ന് കരകയറ്റണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. മലബാറില്‍ കെ.എസ്.ഐ.ഡി.സിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ തുടക്കം കൂടിയാണ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതെന്ന് എം.ഡി ഡോ.ബീന പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.പി സുരേഷ് , യു.എല്‍.സി.സി.എസ് ലിമിറ്റഡ് ചെയര്‍മാന്‍ രമേശന്‍ പാലേരി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് പ്രതിനിധി റോഷന്‍ കൈനടി, ജനറല്‍ മാനേജര്‍ കെ.ജി അജിത്കുമാര്‍ സംസാരിച്ചു.
എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയുള്ള യു.എല്‍ സൈബര്‍ പാര്‍ക്കില്‍ 4000 ചതുരശ്ര അടിയിലാണ് സെന്റര്‍ പൂര്‍ത്തിയാക്കിയട്ടുള്ളത്. കെ.എസ്.ഐ.ഡി.സി സ്ഥാപിക്കുന്ന മൂന്നാമത്തെ ഇന്‍ക്യുബേഷന്‍ സെന്ററാണിത്.
കൊച്ചി ഇന്‍ഫോ പാര്‍ക്കിലും അങ്കമാലി ഇന്‍കെല്‍ ടവറിലുമാണ് മറ്റ് രണ്ട് ഇന്‍ക്യുബേറ്ററുകള്‍. യു.എല്‍ സൈബര്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററില്‍ 82 യുവ സംരംഭകര്‍ക്കായി 4000 ചതുരശ്ര അടിയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അതിവേഗ ഇന്റര്‍നൈറ്റ് കണക്ഷന്‍, 24 മണിക്കൂര്‍ വൈദ്യുതി, ശീതികരണ സംവിധാനം, കോണ്‍ഫറന്‍സ് റൂമുകള്‍, നിരീക്ഷണ കാമറകള്‍, നിയന്ത്രിത പ്രവേശന സംവിധാനം എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്. യു.എല്‍ സൈബര്‍ പാര്‍ക്കില്‍ നിന്നു അഞ്ചു വര്‍ഷത്തെ പാട്ടത്തിനാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. ഐ.ടി, ഐ.ടി അനുബന്ധ സേവനങ്ങള്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് സെന്ററിലേക്ക് പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."