തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് ഈ മാസം
കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരണവും സംവരണ വാര്‍ഡ് നറുക്കെടുപ്പും ഈ മാസം ആദ്യത്തില്‍ നടക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെയാണ് അന്തിമ വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കേണ്ട അന്തിമ വോട്ടര്‍പട്ടിക കൊവിഡ് കാരണം തയ്യാറാക്കാനായിരുന്നില്ല.
2015ലെ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയാണ് ഈ വര്‍ഷവും ഉപയോഗിക്കുന്നത്. എന്നാല്‍, 2015നു ശേഷം വോട്ട് ചേര്‍ത്തവരെ കൂടി ഉള്‍പ്പെടുത്തിയാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.
തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന വരണാധികാരികളെ കണ്ടെത്താന്‍ ഇതിനകം ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഓരോ വാര്‍ഡിലും മത്സരിക്കുന്നതിന് ജനറല്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റുകള്‍ നറുക്കെടുപ്പ് നടത്തിയാണ് നിശ്ചയിക്കുക. ഇതിനുശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കുള്ള സംവരണ നറുക്കെടുപ്പും നടക്കും. ഇതോടെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാവുക.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ അവസാനത്തിലും നവംബര്‍ ആദ്യത്തിലുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിക്കുന്നത്. നവംബര്‍ ഏഴിന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയോടെ 12ന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരണം. കൊവിഡില്‍ കുരുങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഉപേക്ഷിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇവയില്‍ 941 എണ്ണവും ഗ്രാമപഞ്ചായത്തുകളാണ്. 14 ജില്ലാ പഞ്ചായത്തുള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 നഗരസഭകള്‍, ആറ് കോര്‍പറേഷനുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."