ലൊക്കേഷന്‍ മാപ്പിങ്: സംസ്ഥാനത്ത് കന്നുകാലി സെന്‍സസ് അനിശ്ചിതത്വത്തില്‍
മലപ്പുറം: സംസ്ഥാനത്ത് ഈ മാസം ഒന്നുമുതല്‍ തുടങ്ങിയ കന്നുകാലി സെന്‍സസ് അനിശ്ചിതത്വത്തില്‍.
കന്നുകാലി സെന്‍സസിനോടൊപ്പം ഭൂമിക ആപ്പ് ഉപയോഗിച്ച് മുഴുവന്‍ വീടുകളുടെയും ലൊക്കേഷന്‍ മാപ്പിങ് കൂടി ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസര്‍മാരും നടത്തണമെന്ന് കഴിഞ്ഞ ദിവസം വകുപ്പ് ഡയരക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ഇത് അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണെന്നും സംസ്ഥാനത്തെ സെന്‍സസ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തടസമാകുമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. അമിതജോലി ഏല്‍പ്പിക്കുന്ന ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ സെന്‍സസ് നടപടികള്‍ ബഹിഷ്‌കരിക്കാനാണ് ജീവനക്കാരുടെ നീക്കം.
ഒരോ വീടുകളിലെയും സെന്‍സസും പുറമെ ലൊക്കേഷന്‍ മാപ്പിങ് കൂടി പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം വേണം. നിശ്ചയിച്ച് നല്‍കപ്പെട്ട വീടുകളുടെ സെന്‍സസ് കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ ലൊക്കേഷന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള അമിത ജോലികൂടി നല്‍കിയതോടെ ജീവനക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
സെന്‍സസ് ജോലികള്‍ക്കുള്ള ജീവനക്കാരും കുറവാണ്.20-ാമത് കന്നുകാലി സെന്‍സസ് വെറും 2,500 ജീവനക്കാരെ ഉപയോഗിച്ചാണ് നടത്തുന്നത്.
അതേസമയം ഇതിനു മുന്‍പ് നടത്തിയ സെന്‍സസ് 15,000 എന്യൂമറേറ്റര്‍മാരെ ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ചിരുന്നത്.
ഓരോ ജില്ലകളിലും വര്‍ഷംതോറും വീടുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഓരോ ജീവനക്കാരും 4,000 മുതല്‍ 6,000 വരെയുള്ള വീടുകളുടെ എന്യൂമറേഷന്‍ ചുമതലയാണ് നിര്‍വഹിക്കേണ്ടി വരുന്നത്. ഇതിനുപുറമെ ഉഷ്ണ തരംഗത്തിനും സാധ്യതയുള്ള ഈ സമയങ്ങളിലും വീടുകളില്‍ചെന്ന് കണക്കെടുപ്പ് നടത്തേണ്ടി വരുന്നതും ജീവനക്കാരെ കുഴക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ സെന്‍സസിനിടെ സംസ്ഥാനത്ത് രണ്ട് ജീവനക്കാര്‍ക്ക് സൂര്യാതപമേറ്റിരുന്നു. 19-ാമത് സെന്‍സസിന് വീട് ഒന്നിനു നല്‍കിയിരുന്ന അതേ പ്രതിഫലം തന്നെയാണ് ഇത്തവണത്തെ സെന്‍സസിനും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
പഞ്ചായത്ത് വാര്‍ഡുകളില്‍ ഒരു വീടിനു 7.50 രൂപയും മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ വീടൊന്നിനു 6.15 രൂപയുമാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്തിന്റെ സവിശേഷമായ ഭൂപ്രകൃതി അനുസരിച്ചും വര്‍ധിച്ച ചെലവുകള്‍ കണക്കിലെടുത്തും ജീവനക്കാര്‍ക്ക് പ്രതിഫലം വര്‍ധിപ്പിക്കാത്തതും ജീവനക്കാരെ സെന്‍സസ് ജോലികളില്‍നിന്നും പിറകോട്ടു വലിക്കുകയാണ്.
അതേസമയം കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാവാറായി. ഇരുപതാമത് സെന്‍സസ് 2017ല്‍ തുടങ്ങേണ്ടതായിരുന്നു.
എന്നാല്‍ കേന്ദ്ര ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിക്കാത്തതുകൊണ്ടും പ്രളയം കാരണവും സംസ്ഥാനത്ത് വൈകിയാണ് സെന്‍സസിന് തുടക്കമായത്.
ഇനിയും അനന്തമായി നീണ്ടുപോയാല്‍ മുഖ്യ മൃഗോല്‍പ്പന്നങ്ങളായ പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്‍പാദന നിര്‍ണയത്തിനും മറ്റും കേരളം പഴയ സെന്‍സസ് റിപ്പോര്‍ട്ടുകളെ തന്നെ ആശ്രയിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."