ചൈനയില്‍ രാസനിലയത്തില്‍ പൊട്ടിത്തെറി: മരണം 47 ആയി; 640 പേര്‍ക്ക് പരുക്ക്
ബീജിംഗ്: ചൈനയില്‍ രാസനിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 640 പേര്‍ക്കു പരുക്കുണ്ട്.
കിഴക്കന്‍ ചൈനയിലെ യാന്‍ഷെങിലുള്ള വ്യവസായ പാര്‍ക്കിനകത്തെ ട്യാന്‍ജായി കെമിക്കല്‍സിന്റെ രാസനിലയത്തിലാണ് സ്‌ഫോടനമുണ്ടായത്.
ഈ സമയം ഭൂകമ്പമാപിനിയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി രാജ്യത്തെ ഭൂകമ്പപ്രതിരോധ വിഭാഗം പറഞ്ഞു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും ഭീകരമായ വ്യാവസായിക ദുരന്തങ്ങളിലൊന്നാണിതെന്ന് മരണനിരക്കുകള്‍ കാണിക്കുന്നു.
വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 2.50നായിരുന്നു ദുരന്തം. പൊട്ടിത്തെറിയെ തുടര്‍ന്ന് പാര്‍ക്കിനകത്തെ നിരവധി ഫാക്ടറികളിലേക്ക് തീ പടര്‍ന്നു. അപകടത്തെ തുടര്‍ന്ന് 640 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണെന്നും 32 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും 58 പേര്‍ക്കു സാരമായ പരുക്കുകളുണ്ടെന്നും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
പ്ലാന്റിലുണ്ടായ അഗ്നിബാധയെ തുടര്‍ന്നായിരുന്നു സ്‌ഫോടനമെന്ന് പറയപ്പെടുന്നു. സമീപത്തെ ഫാക്ടറി കെട്ടിടങ്ങള്‍ ദൂരേക്കു തെറിച്ചുപോയെന്നു പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.
മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഹെന്‍ഗ്ലിഡ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നതായും ജനലുകളും വാതിലുകളും പൊട്ടിയതായും അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞു.
രക്തമൊലിക്കുന്ന അവസ്ഥയില്‍ നിരവധി ജീവനക്കാര്‍ പുറത്തേക്ക് ഓടുന്നതു കണ്ടതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് സിന്‍ഹുവ പറഞ്ഞു.
ലഭ്യമായ പ്രദേശങ്ങളില്‍നിന്നെല്ലാം അഗ്നിരക്ഷാ സേന പ്രവര്‍ത്തകരെ കൊണ്ടുവന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയതായി പ്രാദേശിക ടെലിവിഷന്‍ വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഫാക്ടറികളില്‍ നിന്നുണ്ടാവുന്ന അഗ്നിബാധ മൂലമുള്ള വ്യാവസായിക ദുരന്തങ്ങള്‍ ചൈനയില്‍ പതിവാണ്.
2015 ആഗസ്തിലുണ്ടായ ടിയാന്‍ജിന്‍ സ്‌ഫോടനമാണ് സമീപകാലത്തുണ്ടായ വലിയ അപകടം. അതില്‍ 160 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരുകയാണ്. സമീപത്തെ മറ്റു രാസവസ്തു നിര്‍മാണ കമ്പനികളിലും അവയുടെ ഗോഡൗണുകളിലും പരിശോധന നടത്തും. അപകടമുണ്ടായ ട്യാന്‍ജായി കെമിക്കല്‍സ് 2007ലാണ് സ്ഥാപിക്കപ്പെട്ടത്. വായുമലിനീകരണത്തിനും മാലിന്യസംസ്‌കരണത്തിലെ വീഴ്ചയ്ക്കും ആറുതവണ സര്‍ക്കാര്‍ പിഴ ചുമത്തിയ കമ്പനിയാണിതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു.
ദുരന്തബാധിതരെ സഹായിക്കാന്‍ എല്ലാവരും കൈമെയ് മറന്നു രംഗത്തിറങ്ങാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തു. ഭാവിയില്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതില്‍നിന്നു പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."