വടകരയില്‍ ആര്‍.എം.പിയെ കോണ്‍ഗ്രസും ലീഗും ഉപകരണമാക്കുന്നു: പി. ജയരാജന്‍
കൊച്ചി: വടകരയില്‍ ആര്‍.എം.പിയെ ബി.ജെ.പിയിലേക്കു പാലം സൃഷ്ടിക്കാനുള്ള ഉപകരണമാക്കി കോണ്‍ഗ്രസും മുസ്്‌ലിം ലീഗും മാറ്റിയെന്ന് വടകരയിലെ സി.പി.എം സ്ഥാനാര്‍ഥി പി. ജയരാജന്‍. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് വിവിധ കേസുകളില്‍ ജാമ്യമെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എം.പി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വാലായി മാറി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതിന്റെ സൂത്രധാരന്‍. എന്നാല്‍ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു.
വടകര മണ്ഡലത്തിലെ ഏഴു നിയസഭാ മലണ്ഡങ്ങളിലും രണ്ടു വട്ടം പ്രചാരണം നടത്തി. എല്ലാ വിഭാഗങ്ങളില്‍നിന്നും സമ്പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്. അതിന്റെ വിഷമത്തിലാണ് കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ്, ബി.ജെ.പി എന്നിവര്‍ അടങ്ങിയ വലതുപക്ഷം പല തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത്. പക്ഷെ, അതൊന്നും വടകരയില്‍ ഏശില്ല. ഇപ്പോഴത്തെ കോ-ലീ-ബി സഖ്യം പോലെ എന്ത് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എല്‍.ഡി.എഫ് വലിയ വിജയം നേടും.
തനിക്കെതിരേ ചില വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണത്തില്‍ വലിയ കാര്യമില്ല. ഇടതുപക്ഷത്തിനെതിരേ എതിരാളികള്‍ ആരോപണം ഉന്നയിക്കുന്നതും അതു വലതു മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും പുതിയ സംഭവമല്ല. താന്‍ മത്സരിക്കുന്നത് ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്കെതിരേയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഓഫിസിലേക്ക് പ്രകോപനപരമായ റാലി നടത്തിയതടക്കമുള്ള നാല് കേസുകളില്‍ ഇന്നലെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജയരാജന് ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."