കണക്കിലും ഇനി രണ്ട് തരം
ന്യൂഡല്‍ഹി: കണക്കിനു മുന്നില്‍ കീഴടങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി സി.ബി.എസ്.ഇ രണ്ടുതരം കണക്ക് പരീക്ഷ നടത്തുന്നു. 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിധത്തില്‍ എളുപ്പമുള്ളതും ഇപ്പോഴത്തെപോലെ അല്‍പം കഠിനമേറിയതുമായ രണ്ടുതരം കണക്ക് പരീക്ഷകളാവും നടത്തുക. കണക്കിലോ അനുബന്ധ വിഷയങ്ങളിലോ തുടര്‍പഠനം ആലോചിക്കാതെ മെഡിസിന്‍, ഹ്യുമാനിറ്റീസ്, ഭാഷാവിഷയങ്ങള്‍ തുടര്‍ന്നുപഠിക്കുന്നവര്‍ക്ക് എളുപ്പമുള്ള കണക്ക് തെരഞ്ഞെടുത്ത് കണക്കില്‍ പരാജയപ്പെടുന്ന രീതി ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈ പരിഷ്‌കരണം.
ഇതു സംബന്ധിച്ച ശുപാര്‍ശക്ക് സി.ബി.എസ്.ഇ അംഗീകാരം നല്‍കി. എന്‍.സി.ഇ.ആര്‍.ടി കൂടി അംഗീകരിക്കുന്നതോടെ അടുത്ത അധ്യയനവര്‍ഷം മുതല്‍ രണ്ടുതരത്തിലുള്ള കണക്കാവും 11, 12 ക്ലാസുകളില്‍ ഉണ്ടാവുക. ഈ വര്‍ഷം അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുമെന്ന് സി.ബി.എസ്.ഇ ഭരണസമിതിയംഗം പറഞ്ഞു.
സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ടുവിധത്തിലുള്ള കണക്ക് പേപ്പറുകളാവും സി.ബി.എസ്.ഇ അവതരിപ്പിക്കുക. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് കണക്ക് എളുപ്പമുള്ളതും അഡ്വാന്‍സ്ഡ് കണക്ക് കഠിനവുമായിരിക്കും. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, ഭാഷ, മെഡിക്കല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് സ്റ്റാന്‍ഡേര്‍ഡ് കണക്ക് പേപ്പര്‍. സയന്‍സ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ളതാണ് അഡ്വാന്‍സ്ഡ് കണക്ക് പേപ്പര്‍.
കഴിഞ്ഞ വര്‍ഷം 3, 5, 8 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എന്‍.സി.ഇ.ആര്‍.ടി നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും കണക്കിനെ ഭയക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടിയുടെ കീഴിലുള്ള 15 ബോര്‍ഡുകളിലെയും സ്‌കൂളുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു.
രണ്ടുതരം പാഠ്യപദ്ധതികള്‍ നിലവിലുള്ള വിദേശ വിദ്യാഭ്യാസ ബോര്‍ഡുകളായ കേംബ്രിഡ്ജ് ഇന്റര്‍നാഷനല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (ഐ.ജി.സി.എസ്.ഇ), ഇന്റര്‍നാഷനല്‍ ബാക്കലോറിയറ്റ് (ഐ.ബി) എന്നിവയുടെ മാതൃക പിന്തുടരുകയാണ് സി.ബി.എസ്.ഇ ചെയ്യുന്നത്.
വിദ്യാര്‍ഥികളുടെ അഭിരുചി മനസിലാക്കി പൊതുവായ പാഠ്യസമ്പ്രദായവും കൂടുതല്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഓരോ വിഷയത്തിലും ആഴത്തിലുള്ള പഠനവുമെന്നതാണ് ഐ.ജി.സി.എസ്.ഇയുടെ പാഠ്യരീതി. പന്ത്രണ്ടാം ക്ലാസ് കണക്കുപരീക്ഷ അതികഠിനമായെന്ന പരാതി ഇതിനകം വിവിധ കോടതികളില്‍ എത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഒരു കേസില്‍ 'കഠിനമായ കണക്ക് 'എളുപ്പമാക്കാനുള്ള പരിഹാര നടപടികളെക്കുറിച്ചു കേരള ഹൈക്കോടതി സി.ബി.എസ്.ഇയോട് ആരാഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."