ഉരുള്‍പൊട്ടല്‍; സമഗ്രവിവരശേഖരണം പൂര്‍ത്തീകരിക്കാന്‍ തീരുമാനം
കോഴിക്കോട്: കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലുമുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിന് സമഗ്രവിവരശേഖരണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാനും വീട് നഷ്ടപ്പെട്ടവര്‍, കാര്‍ഷിക വിള, ഭൂമി എന്നിവയില്‍ നാശമുണ്ടായവര്‍ എന്നിവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
കൂടാതെ കനത്തമഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി കട്ടിപ്പാറ പഞ്ചായത്തുകളുടെ അവലോകന യോഗം തിങ്കളാഴ്ച നടത്തും. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഇതു നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞ് താമരശേരി ചുരം റോഡ് തകര്‍ന്ന സാഹചര്യത്തില്‍ വെസ്റ്റ് കൈതപ്പൊയില്‍-ഏഴാം വളവ് ബൈപാസ് യാഥാര്‍ഥ്യമാക്കണമെന്നും വയനാട് ചുരത്തില്‍ യാത്രാക്ലേശത്തിനു ശാശ്വത പരിഹാരമുണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."