അന്താരാഷ്ട്ര അറബി ഭാഷാ അസോസിയേഷന്: സി.ഐ.സിക്ക് അംഗത്വം
മലപ്പുറം: മൊറോക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസിസ്കോ (ഇസ്ലാമിക് എജ്യുക്കേഷനല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന്)ക്കു കീഴില്‍ പുതുതായി നിലവില്‍ വന്ന വിവിധ രാജ്യങ്ങളിലെ അറബി ഭാഷാ പഠന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാബിത്തതു മുഅസ്സസാത്തി തഅ്ലീമില്ലുഗല് അറബിയ്യയുടെ സ്ഥാപകാംഗമായി കോ ഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) തെരെഞ്ഞെടുക്കപ്പെട്ടു.
അറബി ഭാഷാ പഠനം, പ്രചാരണം, ഭാഷാ പഠനകേന്ദ്രങ്ങള്ക്കിടയിലെ സഹകരണം, ഭാഷാധ്യാപകരുടെ ഗുണമേന്മ വര്‍ധിപ്പിക്കല്‍, അറബി ഭാഷാ ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭാഷാ ഫാക്കല്‍റ്റികളുടെ കൈമാറ്റം തുടങ്ങിയ ലക്ഷ്യങ്ങളോടെ നിലവില്‍ വന്ന കൂട്ടായ്മയാണിത്.
കെയ്റോ ആസ്ഥാനമായ ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗ് എക്സിക്യൂട്ടീവിലും യു.എ.ഇ സഹിഷ്ണുത മന്ത്രാലയത്തിന് കീഴിലുള്ള വേള്‍ഡ് മുസ്ലിം മൈനോറിറ്റി കൗസിലിലും അംഗത്വമുള്ള സി.ഐ.സിക്ക് അറബി ഭാഷാ പഠന മേഖലയില്‍ നൂതന മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുള്ള അന്താരാഷ്ട്ര ബഹുമതി കൂടിയാണിത്.
എസ്.എസ്.എല്‍.സി തുടര്‍പഠന യോഗ്യത നേടിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആഴത്തിലുള്ള ഇസ്ലാമിക വിദ്യാഭ്യാസത്തോടൊപ്പം യു.ജി.സി അംഗീകരിക്കുന്ന യൂനിവേഴ്സിറ്റി ഡിഗ്രിയും സമന്വയിച്ചു നല്‍കുന്നതാണ് സി.ഐ.സി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വാഫി, വഫിയ്യ കോഴ്സുകള്‍.
ഇസ്ലാമിക വിദ്യാഭ്യാസത്തോടൊപ്പം സയന്‍സും കൊമേഴ്സും ഹ്യുമാനിറ്റീസും പഠിക്കാന്‍ സൗകര്യമുള്ള 86 വാഫി, വഫിയ്യ കോളജുകള്‍ സി.ഐ.സിയോട് അഫ്ലിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
2000 മുതല്‍ പ്രവര്‍ത്തിക്കുന്ന സി.ഐ.സി ദേശീയ അന്തര്‍ദേശീയ തലത്തില്‍ അല്‍അസ്ഹര്‍ ഉള്‍പ്പെടെ നിരവധി യൂനിവേഴ്സിറ്റികളും അക്കാദമിക് സംവിധാനങ്ങളുമായി സഹകരണ ധാരണ (എം.ഒ.യു) ഒപ്പു വച്ചിട്ടുണ്ട്.
2019-20 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷ കേരളത്തിലെ 22 സെന്ററുകളിലും കര്‍ണാടകയിലെ ദക്ഷിണ കന്നഡ, മിഡില്‍ ഈസ്റ്റിലെ അബൂദബി, ദോഹ, ദമാം, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലും മെയ് 15(വഫിയ്യ), 16 (വാഫി) തിയതികളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."