വിഭാഗീയത മൂത്തപ്പോള്‍ പിടിമുറുക്കി ആര്‍.എസ്.എസ്
#ടി.എസ് നന്ദു
കൊച്ചി: ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ പത്തനംതിട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ് പിടിമുറുക്കി.
പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍.എസ്.എസ് ആകും ജില്ലയില്‍ നേതൃത്വം നല്‍കുക. ജില്ലയിലെ വിഭാഗീയത സീറ്റ് വിഭജനത്തെ തുടര്‍ന്ന് മൂര്‍ഛിച്ചതോടെ ബി.ജെ.പി നേതാക്കളെ അണിയറയില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിനാണ് ആര്‍.എസ്.എസ് തീരുമാനം.
ആര്‍.എസ്.എസ് സംസ്ഥാന പ്രചാരണ വിഭാഗം തലവന്‍ കെ.ബി ശ്രീകുമാറിനാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല. സ്ഥാനാര്‍ഥിയായി സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ച ശനിയാഴ്ച തന്നെ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സുപ്രധാന പ്രവര്‍ത്തകരുടെ യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി നേടിയ ആകെ വോട്ടുകളേക്കാള്‍ 50000 വോട്ടുകള്‍ നേടിയാല്‍ ജയിക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. സ്വാഭാവികമായും ശബരിമലയായിരിക്കും പ്രധാന പ്രചാരണ വിഷയം.
പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ആര്‍.എസ്.എസ് നിയന്ത്രണത്തിലായിരിക്കും. അതിനായി മണ്ഡലത്തിലെ ബൂത്ത്തലം തൊട്ട് ആര്‍.എസ്.എസ് സംയോജകന്മാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബൂത്ത്, പഞ്ചായത്ത്-മുനിസിപ്പാലിറ്റി അടക്കമുള്ള ഘടകങ്ങളില്‍ തെരഞ്ഞെടുപ്പ് സംയോജകന്മാരെ നിയമിക്കും. ഇവര്‍ക്കാകും അതത് ഘടകങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല. മറ്റ് പരിവാര്‍ സംഘടനകളുടെ ഭാരവാഹികളും ചുമതല വഹിക്കും.
അതേസമയം, സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയ്ക്കു സ്വാധീനമുള്ള ജില്ലാ നേതൃത്വം ഇടയ്ക്ക് പാലം വലിക്കുമോയെന്ന സംശയവും നിലനില്‍ക്കുന്നു.
അതേസമയം, സി.പി.എം സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെതിരേ പുതിയ പ്രചാരണ വിഷയവും ഒരുക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ തൃപ്തി ദേശായിയുടെ വിവാദ ഇടപെടലിനു ചുക്കാന്‍ പിടിച്ചത് വീണയാണെന്നാണ് ആരോപണം. വീണയ്ക്ക് അതിനുള്ള ആളും അര്‍ഥവും നല്‍കിയത് സര്‍ക്കാരിന്റെ ഒത്താശയോടെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വമാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."