റോഡ് വെള്ളത്തിനടിയിലായി: കോക്കാംകുന്ന് നിവാസികള്‍ക്ക് ഇനി ദുരിതകാലം
തിരുനാവായ: കൊടക്കല്‍ കോക്കാംകുന്ന് നിവാസികള്‍ക്ക് ഇനി ദുരിതക്കാലം. ശക്തമായ മഴയെതുടര്‍ന്ന് അറുപത്തോളം കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന കോക്കാംകുന്ന് റോഡ് വെളളത്തിനടിയിലായി. മഴവെള്ളവും ചെളിയും കെട്ടി നില്‍ക്കുന്നത് മൂലം കോളനി നിവാസികളുടെ കാല്‍നടയാത്രയും വാഹനയാത്രയും ദുരിത പൂര്‍ണമാവുകയാണ്.
വര്‍ഷകാലം വെളളം താണ്ടിയാണെങ്കില്‍ വേനല്‍ക്കാലത്ത് പൊടിപടലങ്ങള്‍ ശ്വസിച്ച് വേണം ഈ പ്രദേശത്തുക്കാര്‍ക്ക് യാത്ര ചെയാന്‍. ബന്തര്‍കടവില്‍ നിന്നും പുഴയിലേക്ക് പോകുന്ന റോഡിന്റെ ഭാഗത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയിട്ടുണ്ട്.
ഒരറ്റത്ത് 58 മീറ്റര്‍ പഞ്ചായത്ത് വക കോണ്‍ക്രീറ്റ് ചെയ്തു നല്‍കിയിട്ടുണ്ടെങ്കിലും റോഡിന്റെ മധ്യ ഭാഗത്ത് ടാറിങ്ങോ കോണ്‍ക്രിറ്റോ നടത്താത്തത് ഇവിടത്തുകാരുടെ യാത്രാക്ലേശം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഗോഡ് ലീഫ് പ്രതിനിധാനം ചെയ്യുന്ന പതിനൊന്നാം വാര്‍ഡിലെ നിവാസികള്‍ തങ്ങളുടെ യാത്രാ ദുരിതങ്ങള്‍ അകറ്റുന്നതിന് വേണ്ടി എം.പി, എം.എല്‍.എ എന്നിവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. കെ.പി രാജന്ദ്രന്‍ എം.പിയായിരിക്കെ സുനാമി ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയും മന്ത്രി കെ.ടി ജലീല്‍ കുറ്റിപ്പുറം എം.എല്‍.എയായിരിക്കെ മൂന്ന് ലക്ഷം രൂപയും അനുവദിച്ചതിനെ തുടര്‍ന്ന് ഏകദേശം അഞ്ഞൂറ് മീറ്ററോളം വരുന്ന റോഡില്‍ കരിങ്കല്ല് പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് ഈ കരിങ്കല്ലുകള്‍ മുകളിലേക്ക് പൊന്തി റോഡ് പൊട്ടി പൊളിയുന്നതും പതിവാണ്.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കോക്കാംകുന്ന് റോഡ് നന്നാക്കുന്നതിന് നടപടിയെടുക്കാത്ത അധികൃതര്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ക്ക് വേണ്ടി എം.പി ഫണ്ടില്‍ നിന്നും നാല് ലക്ഷത്തോളം രൂപ ഉപയോഗിച്ച് കൊടക്കലില്‍ മറ്റൊരു റോഡ് കോണ്‍ക്രീറ്റ് ചെയ്തത് പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."