വയനാട് 'സസ്‌പെന്‍സ്' പൊല്ലാപ്പാകുമോ
കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസ് 'സസ്‌പെന്‍സ് ത്രില്ലര്‍' ഇന്നലെയും അവസാനിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ മണ്ഡലത്തില്‍ തുടരുന്ന സസ്‌പെന്‍സിന് ഇന്നലെ പര്യവസാനമായേക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ഹൈക്കമാന്‍ഡിന്റെ മൗനം സസ്‌പെന്‍സിന് ആയുസ് നീട്ടുകയാണ്. എന്നാല്‍ സസ്‌പെന്‍സ് നീളുന്നത് മണ്ഡലത്തില്‍ യു.ഡി.എഫിന് തിരിച്ചടിയാകുമോ എന്ന ആശങ്കയും പ്രവര്‍ത്തകര്‍ പങ്ക് വയ്ക്കുന്നുണ്ട്.
ദേശീയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനാര്‍ഥിയാകുന്നില്ലെന്നാണ് തീരുമാനമെങ്കില്‍ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ നില പരുങ്ങലിലാകുമെന്ന് വിലയിരുത്തുന്നവരും കുറവല്ല. രാഹുല്‍ ഗാന്ധിയുടെ വരവിന് അത്രമേല്‍ പ്രവര്‍ത്തകരും വയനാടും ആഗ്രഹിച്ചെന്ന യാഥാര്‍ഥ്യം നിലനില്‍ക്കേ, അധ്യക്ഷന്റെ വരവിന് വഴിയൊരുക്കി മാറിയ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് വീണ്ടും മത്സര രംഗത്ത് തിരിച്ചെത്തിയാലും മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം തകരാന്‍ സാധ്യതയേറും. ഇനി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നാണ് സിദ്ദീഖിന്റെ പക്ഷമെങ്കില്‍ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതുവരെയും മണ്ഡലത്തില്‍ സസ്‌പെന്‍സ് തുടരും. അപ്പോഴേക്കും എതിരാളി രണ്ടാംഘട്ട പ്രചാരണവും പിന്നിടുമെന്ന ആശങ്കയുമുണ്ട്.
സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഏറെ കുഴക്കിയ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പേര് ഇതുവരെ ഹൈക്കമാന്‍ഡ് പുറത്തുവിട്ട ഒരു ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നില്ല. ഏറ്റവും ഒടുവിലെത്തിയ സൂചനകളിലെ അധ്യക്ഷന്റെ വരവ് സംബന്ധിച്ചും തീരുമാനമായിട്ടില്ല. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതോടെ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. എന്നാല്‍ ഇന്നത്തെ എ.ഐ.സി.സി തീരുമാനം പ്രതികൂലമാണെങ്കില്‍ തെക്കേ ഇന്ത്യയെ ആകെ ബാധിക്കില്ലെങ്കിലും കേരളത്തില്‍ പ്രത്യേകിച്ച് വയനാട് മണ്ഡലത്തില്‍ സാഹചര്യം മാറിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."