പ്രതിഷേധക്കാര്‍ക്ക് അഭയമൊരുക്കി ഹീറോയായി ഇന്ത്യന്‍ വംശജന്‍
വാഷിങ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധം ആളിപ്പടരുന്നതിനിടെ നീതി തേടി സമരരംഗത്തുള്ളവര്‍ക്ക് പിന്തുണ നല്‍കി ഇന്ത്യന്‍ വംശജരും. ഇന്ത്യന്‍ വംശജനായ രാഹുല്‍ ദുബേയാണ് പൊലിസിനെ ഭയന്നോടുന്ന 70ഓളം വരുന്ന പ്രതിഷേധക്കാര്‍ക്ക് തന്റെ വീട് തുറന്നുകൊടുത്ത് ജനപ്രിയനായത്. വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ തന്റെ വീട് ഒരു രാത്രി മുഴുവന്‍ പ്രതിഷേധക്കാര്‍ക്കായി തുറന്നുകൊടുത്തത്. വംശീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കക്കാരോടൊപ്പം ചേരാന്‍ തീരുമാനിച്ചതോടെ രാഹുല്‍ ഹീറോ ആയിരിക്കുകയാണ്.'എന്റെ 13കാരനായ മകനും ഇവരെപ്പോലെ ഒരു നല്ല മനുഷ്യനാവണമെന്നാണ് ആഗ്രഹം. ഇവര്‍ ഇന്നലെ പ്രതിഷേധിച്ചതു പോലെ ഇന്നും സമാധാനപരമായി പ്രതിഷേധിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം, അവരെ ഈ രാജ്യത്തിന് മറ്റേത് സമയത്തതിനെക്കാളും കൂടുതല്‍ ആവശ്യമുണ്ട്''- രാഹുല്‍ എബിസി 7 ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.പ്രതിഷേധക്കാര്‍ അകത്തുണ്ടെന്നറിഞ്ഞ പൊലിസുകാര്‍ പുറത്ത് കാത്തുനിന്നു. പെപ്പര്‍ സ്‌പ്രേ അടിച്ച് അവരെ പുറത്തുചാടിക്കാന്‍ ശ്രമിച്ചു. വീട് തുറക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു. പക്ഷേ, രാഹുല്‍ വഴങ്ങിയില്ല. പൊലിസിന്റെ നടപടി തനി ഭീകരതയാണെന്ന് രാഹുല്‍ പറഞ്ഞു. രാഹുലിനെ പ്രകീര്‍ത്തിച്ച് ഒട്ടേറെ ആളുകളാണ് ട്വീറ്റ് ചെയ്യുന്നത്.
നേരത്തെ പ്രതിഷേധസമരത്തിനിടെ തന്റെ കട കത്തിനശിച്ചപ്പോഴും ഫ്‌ളോയിഡിനു നീതി ലഭിക്കട്ടെ എന്നു പറഞ്ഞ ഇന്ത്യന്‍ വംശജനും വൈറലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."