സ്‌കൂളിലേക്ക് കുട്ടികളെ തേടി മന്ത്രിയെത്തി
കണ്ണൂര്‍: പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തിരികെ തിരുമുറ്റത്തേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രിയും സംഘവും കുരുന്നുകളുടെ വീടുകളിലെത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി ശിവവിക്രം എന്നിവരുടെ നേതൃത്വത്തിലാണ് കടാങ്കോട് വാരം മാപ്പിള എല്‍.പി സ്‌കൂളിലേക്കുള്ള കുട്ടികളെ തേടിയിറങ്ങിയത്. ഇതോടെ ആദ്യദിനം 14 കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കാനായി. പള്ളിന്റവിട ഹൗസിലെ പി ഫാത്തിമയെ സ്‌കൂളില്‍ ചേര്‍ത്തു കൊണ്ടായിരുന്നു കാംപയിന് തുടക്കം കുറിച്ചത്. മാതാവ് സീനത്ത് പൂരിപ്പിച്ചു നല്‍കിയ അപേക്ഷ ഫോറം മന്ത്രി സ്വീകരിച്ച് പ്രധാനാധ്യാപികയ്ക്ക് കൈമാറി. വന്‍ കരഘോഷത്തോടെയാണ് പ്രവേശനോല്‍സവത്തെ നാട്ടുകാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന ഗൃഹ സന്ദര്‍ശനങ്ങളില്‍ റഷീദ കോട്ടേജിലെ സഫ്‌റീന, തന്‍സീറ മന്‍സിലിലെ പി നബ, ദാറുല്‍ സലാമിലെ ഉമ്മു ഹബീബ, പുതിയപുരയില്‍ ദയനന്ദ, പുതുക്കണ്ടി ഹൗസിലെ ശിവദ, മടക്കണ്ടി ഹൗസിലെ ഫാത്തിമ മിന്‍ഹ, പനക്കട വീട്ടില്‍ റിഫാന്‍, കൊഴുമ്മല്‍ വീട്ടില്‍ ശ്രീവേദ്, കണ്ണിച്ചെങ്കണ്ടി ഋതുനന്ദ്, കയറ്റുകണ്ടി വീട്ടില്‍ ആദിദേവ്, മേഘാ നിവാസിലെ ദേവസൂര്യ, മുനമ്പത്ത് വീട്ടില്‍ മുഹമ്മദ് യാസീന്‍, സജ എന്നിവരും വിദ്യാലയത്തില്‍ ചേര്‍ന്നു. സാക്ഷികളായെത്തിയ നാട്ടുകാര്‍ക്ക് വീട്ടുകാര്‍ മധുരം നല്‍കി. സ്വന്തം കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം വലിയ ആഘോഷമായതിന്റെ ആഹ്ലാദത്തിലായിരുന്നു രക്ഷിതാക്കളും വീട്ടുകാരും. എല്‍.പി സ്‌കൂളിന്റെ ബസിലായിരുന്നു മന്ത്രിയുടെയും സംഘത്തിന്റെയും വീടുകളിലേക്കുള്ള സഞ്ചാരം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, കൗണ്‍സിലര്‍മാരായ എറമുള്ളാന്‍, സന്തോഷ് ബാബു, റോജ, ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം ബാലകൃഷ്ണന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ആര്‍ വത്സലകുമാരി, പി.ടി.എ പ്രസിഡന്റ് എ അസീസ്, സ്‌കൂള്‍ മാനേജര്‍ എം മുഹമ്മദ് അശ്‌റഫ്, ഡി.പി.ഒ പി.വി പുരുഷോത്തമന്‍, മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്കുട്ടി ഹാജി, എ.ഇ.ഒ കെ.വി സുരേന്ദ്രന്‍ തുടങ്ങിയവരും ഗൃഹസന്ദര്‍ശനങ്ങളിലും പൊതുയോഗത്തിലും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."