കൂടുമോ വോട്ട് ? കൂട്ടിയും കിഴിച്ചും മുന്നണികള്‍
#ടി.കെ ജോഷി
കോഴിക്കോട്: ഈ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം ഉയര്‍ത്തുന്ന പാര്‍ട്ടി ബി.ജെ.പിയായിരിക്കുമോ?. തുടര്‍ച്ചയായി താഴേക്ക് പോകുന്ന കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ഗ്രാഫ് ഉയരുമോ?. സി.പി.എമ്മിനും വോട്ട് വിഹിതം കൂട്ടാനാകുമോ ?. 16 സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മിന് കേരളത്തില്‍ നിന്ന് വോട്ട് വിഹിതവും സീറ്റും വര്‍ധിപ്പിക്കേണ്ടത് ദേശീയ അംഗീകാരം നിലനിര്‍ത്താന്‍ പോലും അനിവാര്യമാണ്. 21 ശതമാനം വരുന്ന എസ്.എന്‍.ഡി.പി വോട്ടില്‍ ലക്ഷ്യമിട്ട് ബി.ജെ.പി സഖ്യകക്ഷിയായ ബി.ഡി.ജെ.എസിനെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സീറ്റിനപ്പുറം കേരളത്തിലെ വോട്ട് വിഹിതം ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൂടി അവര്‍ക്കുണ്ടെന്നു കാണാം.
2006 മുതല്‍ സംസ്ഥാനത്ത് നടന്ന നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നണിക്ക് വോട്ടുകൂടുന്നതായാണ് ചരിത്രം. യു.ഡി.എഫിന്റെയും ഇടതുമുന്നണിയുടെയും വോട്ടുവിഹിതത്തില്‍ ആനുപാതികമായി ഇടിവുമുണ്ട്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4.67 ശതമാനം വോട്ട് നേടിയ ബി.ജെ.പി മുന്നണി 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 6.40 ശതമാനമാക്കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6.7 ആയും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 10.8 ആയും അതുയര്‍ത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15.02 ശതമാനമായി വോട്ടു വര്‍ധിപ്പിച്ച ബി.ജെ.പിക്ക് ഒരു എം.എല്‍.എയെ നിയമസഭയിലെത്തിക്കാനുമായി. ഇത്തവണ ശബരിമല വിഷയത്തില്‍ അനുകൂല രാഷ്ട്രീയ സാഹചര്യം കാണുന്ന ബി.ജെ.പി കൂടുതല്‍ വോട്ടും സീറ്റും സ്വപ്നം കാണുന്നു.
എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷമായി യു.ഡി.എഫില്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2006ല്‍ യു.ഡി.എഫ് 42.93 ശതമാനം വോട്ട് നേടിയപ്പോള്‍ 2009ല്‍ 47.73 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, പിന്നീടുള്ള ഓരോ പൊതുതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് മുന്നണിയുടെ വോട്ട് വിഹിതം കുറഞ്ഞു വന്നു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 45.89 ശതമാനവും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 41.98 ശതമാനവുമായി. ഭരണത്തിലിരിക്കേ നേരിട്ട 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 38.08 ശതമാനമായി ഇടിഞ്ഞു. യു.ഡി.എഫിന്റെ വോട്ടില്‍ കുറവുണ്ടായപ്പോഴാണ് ബി.ജെ.പി മുന്നണിയുടെ വോട്ട് 50 ശതമാനം കൂടിയതെന്നും കാണാം.
2006 മുതല്‍ എല്‍.ഡി.എഫിന്റെ വോട്ട് നിലയില്‍ കുറവു വന്നെങ്കിലും യു.ഡി.എഫിന്റെ വോട്ട് വിഹിതത്തിലുണ്ടായ വന്‍ ഇടിവാണ് ഇടത് മുന്നണിക്ക് അധികാരം പിടിക്കാന്‍ സഹായകമായത്. 2016ല്‍ 43.42 ശതമാനമായിരുന്നു എല്‍.ഡി.എഫിന് ലഭിച്ച വോട്ടെങ്കിലും 91 സീറ്റില്‍ വിജയിച്ചു. യു.ഡി.എഫിനാകട്ടെ 38.08 ശതമാനം വോട്ട് കിട്ടിയിട്ടും 47 സീറ്റിലായിരുന്നു ജയം. 15 ശതമാനം വോട്ട് ലഭിച്ച ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചു.
2006ല്‍ 48.63 ശതമാനമായിരുന്നു ഇടത് വോട്ട് വിഹിതം. അത് 2011, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 44.99, 43.42 ശതമാനമായി കുറഞ്ഞുവന്നു. ബി.ജെ.പിയുടെ വളര്‍ച്ചയാണ് രണ്ടു മുന്നണികളുടെ വോട്ട് വിഹിതത്തിലും കാര്യമായ കുറവുണ്ടാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
മികച്ച സ്ഥാനാര്‍ഥികളെ ഇടതു-വലതു മുന്നണികള്‍ ഗോദയില്‍ ഇറക്കിയതോടെ വോട്ട് നിലയില്‍ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയാല്‍ കടുത്ത രാഷ്ട്രീയ പോരാട്ടത്തിലൂടെ വോട്ടും സീറ്റും കൂട്ടാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫും എല്‍.ഡി.എഫും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."