ആനാപ്പാറ ആരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതി താളം തെറ്റി
കുന്ദമംഗലം: സംസ്ഥാന സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കുന്ദമംഗലം ആനാപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രഖ്യാപിച്ച ആര്‍ദ്രം പദ്ധതി കരാരുകാരുടെ അനാസ്ഥ കാരണം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനം താളം തെറ്റി.
കഴിഞ്ഞ ജനുവരിയിലാണ് കുന്ദമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി ആര്‍ദ്രം പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ആശുപത്രിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 14 ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍നിന്ന് 16 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആറു പുതിയ തസ്തികകളും പ്രഖ്യാപിച്ചു. ലാബോറട്ടറിയില്‍ പുതിയ ലാബ് ടെക്‌നീഷ്യനെയും നിയമിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയ്ക്കായി ആശുപത്രിയില്‍ ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ 14 ലക്ഷം അനുവദിച്ചത്.
ഇതിന് പുറമെ എം.എല്‍.എ അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ച് രോഗികള്‍ക്ക് വെയിറ്റിങ് ഏരിയ നിര്‍മിക്കുന്നതിനും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ ആവശ്യമായ ചില ഉപകരണങ്ങള്‍ മാത്രമാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് എത്തിച്ചിട്ടുള്ളത്. എം.എല്‍.എ അനുവദിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കേണ്ട വെയ്റ്റിങ് ഏരിയയുടെ നിര്‍മാണം നടത്തുന്നതിന് യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ദിവസേന മുന്നൂറിലധികം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി നടപ്പിലാക്കുന്നതോടെ രോഗികള്‍ക്ക് ഏറെ ആശ്വാസമാവുമായിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥ മൂലം ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. 16 ലക്ഷം ഉപയോഗിച്ച് നടപ്പിലാക്കുന്ന കെട്ടിട പുനുരുദ്ധരണം നടന്നുവരികയാണ്. മേല്‍ക്കൂര മാറ്റുന്ന ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ബാക്കിയുള്ള ടൈല്‍ മാറ്റുന്ന ജോലിയും മറ്റും ഇപ്പോള്‍ നടന്നു വരികയാണ്. രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ബാല സൗഹൃദ പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്. ഇത്രയും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടും ലാറ്റക്‌സ് ലിമിറ്റഡിന്റെ അനാസ്ഥ കാരണം ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാതെയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."