കൊവിഡിനിടെ കുതിരക്കച്ചവടം; ഗുജറാത്തില്‍ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു
അഹമ്മദാബാദ്: രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടയിലും ബി.ജെ.പി രാഷ്ട്രീയ കൂതിരക്കച്ചവടം നടത്തുന്നെന്ന ആരോപണങ്ങള്‍ ശരിയെന്നു തെളിയിച്ച് ഗുജറാത്തില്‍ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു. ഗുജറാത്തിലടക്കം ഈ മാസം 19ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എം.എല്‍.എമാരുടെ രാജിയെന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രി വിജയ് രൂപാനിയുമായി ചര്‍ച്ച നടത്തിയത് വാര്‍ത്തയായതിനു പിന്നാലെയാണ് രണ്ട് എം.എല്‍.എമാരുടെ രാജി.
നേരത്തേ, മാര്‍ച്ചില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചിരുന്നു. ഇതോടെ, രാജ്യസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഒന്നിലേറെ സീറ്റുകളില്‍ വിജയിക്കുകയെന്നതു കോണ്‍ഗ്രസിന് പ്രയാസമാകും. നിലവില്‍ കോണ്‍ഗ്രസിന് 66 എം.എവല്‍.എമാരാണുള്ളത്. സംസ്ഥാനത്ത് നാലു സീറ്റുകളിലേക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 അംഗ നിയമസഭയില്‍ 103 അംഗങ്ങളുടെ പിന്തുണയുള്ള ബി.ജെ.പിക്കു രാജ്യസഭയിലേക്കു രണ്ടുപേരെ ജയിപ്പിക്കാമെന്ന് ഉറപ്പാകുകയും ചെയ്തു. മത്സരം നടക്കുന്ന മൂന്നാമത്തെ സീറ്റിലേക്കും ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ നര്‍ഹരി അമിനാണ് സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ് എം.എല്‍.എമാരായിരുന്ന ജിത്തു ചൗധരി, അക്ഷയ് പട്ടേല്‍ എന്നിവരാണ് ഇന്നലെ രാജിവച്ചത്. ഇവരുടെ രാജി സ്വീകരിച്ചതായി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നര്‍ഹരി അമിന് പുറമേ, അഭയ് ഭരദ്വാജ്, രമില്‍ബന്‍ ബാര എന്നിവരാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍.
കോണ്‍ഗ്രസ് ശക്തിസിന്‍ഹ് ഗോഹില്‍, ഭരത് സിന്‍ഹ് സോളങ്കി എന്നിവരെയാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സംഭവത്തിനു പിന്നാലെ ബി.ജെ.പി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ മാര്‍ച്ച് 26ന് നടക്കേണ്ടിയിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മാറ്റിവച്ചതായിരുന്നു. 2017ല്‍ സമാന സാഹചര്യത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവില്‍ വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."