കിങ് ഫൈസല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: കിങ് ഫൈസല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. വിവിധ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് പുരസ്കാരം സമ്മാനിച്ചത്.
ഇസ്ലാമിക സേവനം, ശാസ്ത്രം, ആരോഗ്യം, അറബി ഭാഷാ സാഹിത്യം എന്നീ മേഖലകളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച ആറു പേരും സുദാനിലെ ഇന്റര്‍നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ആഫ്രിക്കയുമാണ് 41-ാം കിങ് ഫൈസല്‍ അവാര്‍ഡിന് അര്‍ഹരായത്. സര്‍ട്ടിഫിക്കറ്റിന് പുറമെ 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമെഡലും 7.5 ലക്ഷം റിയാലുമടങ്ങുന്നതാണ് പുരസ്കാരം.
മൊറോക്കോ തലസ്ഥാനമായ റബാത്തിലെ മുഹമ്മദ് അഞ്ചാമന് യൂനിവേഴ്സിറ്റിയിലെ ഡോ. അബ്ദുല്‍ അലി മുഹമ്മദ് വദ്ഗീരി, കെയ്റോ യൂനിവേഴ്സിറ്റിയിലെ ഡോ. മഹ്മൂദ് ഫഹ്മി ഹിജാസി (അറബി ഭാഷാ സാഹിത്യം), അമേരിക്കയിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ പ്രൊഫസര്‍ ബിയോറന്‍ റീനോ ഓള്സന്, വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയിലെ സ്റ്റീവന്‍ ടീറ്റെല്ബൗം ( ആരോഗ്യം), അമേരിക്കയിലെ ടെക്സാസ് യൂനിവേഴ്സിറ്റിയിലെ പ്രൊഫ. അലന് ജോസഫ് ബാര്‍ഡ്, കിങ് അബ്ദുല്ല സയന്‍സ് ആന്‍ഡ് ടെക്നോളജി യൂനിവേഴ്സിറ്റി ഗവേഷണ വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ജോണ്‍ എം.ജെ ഫ്രേഷറ്റ് (രസതന്ത്രം) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍.
റിയാദിലെ ഫൈസലിയ ഹോട്ടലിലെ അമീര്‍ സുല്‍ത്താന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സല്മാന് രാജാവിന്റെ ഉപദേഷ്ടാവും കിങ് ഫൈസല്‍ ഫൗണ്ടേഷന് സി.ഇ.ഒയുമായ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് അല്സബൈല് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."