തരൂരിനെ നെഞ്ചേറ്റി തലസ്ഥാനം
തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ നെഞ്ചേറ്റി തിരുവനന്തപുരം മണ്ഡലത്തിലെ ജനസഹസ്രങ്ങള്‍. ഇന്നലെയും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടഭ്യര്‍ഥനയുമായി ശശി തരൂര്‍ എത്തി. രാവിലെ 11ഓടെ കവടിയാര്‍ കൊട്ടാരത്തിലെത്തി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയെയും പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായിയെയും സന്ദര്‍ശിച്ചു. അതിനുശേഷം കവടിയാറിലും പരിസരപ്രദേശത്തും വോട്ടഭ്യര്‍ഥന നടത്തി. തുടര്‍ന്ന് വൈകിട്ട് മൂന്നിന് മാനവീയം വീഥിയില്‍ ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി) സംഘടിപ്പിച്ച 'ഓട്ടോക്കൂട്ടം തരൂരിനൊപ്പം' എന്ന പരിപാടിയില്‍ പങ്കെടുത്തു. നൂറുകണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ തരൂരിന് പിന്തുണയുമായി എത്തി. അവിടെയുണ്ടായിരുന്ന ഐ.എന്‍.ടി.യുസി പ്രവര്‍ത്തകന്റെ വാഹനത്തില്‍ കയറിയായിരുന്നു തുടര്‍ന്നുള്ള പ്രചാരണ പരിപാടി. ഇന്ധന വിലക്കയറ്റവും നികുതികളും ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് തരൂര്‍ ആരോപിച്ചു. താന്‍ വിജയിച്ചാല്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പ്രവര്‍ത്തനം നടത്തുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കു സര്‍ക്കാരോ നഗരസഭയോ സ്ഥലം അനുവദിച്ചുനല്‍കുകയാണെങ്കില്‍ വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അര മണിക്കൂറോളം ഓട്ടോ തൊഴിലാളികളോടൊപ്പം ചെലവഴിച്ചു. ശേഷം അവിടെനിന്ന് മടങ്ങവെ പൊരിവെയിലത്ത് ഗതാഗതം നിയന്ത്രിച്ചുനിന്ന ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥനെ കണ്ട് വിവരങ്ങള്‍ തിരക്കിയ ശേഷം ഹസ്തദാനം ചെയ്തു. തുടര്‍ന്ന് മാനവീയം വീഥിയിലെ തട്ടുകയില്‍നിന്ന് ചായ കുടിച്ച ശേഷമാണ് മടങ്ങിയത്. വൈകിട്ട് ആറിനു ശാന്തിഗിരിയില്‍ മോഹല്‍ലാലിനു നല്‍കിയ സ്വീകരണ പരിപാടിയിലും തരൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."