തോട്ടിലേക്ക് മാലിന്യം തള്ളുന്നതിനെതിരേ പ്രതിഷേധം ശക്തം
തുറവൂര്‍: കുത്തിയതോട് തോട്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നതിനെതിരേ ജനകീയ പ്രതിഷേധം ശക്തമാകുന്നു. തീരദേശവും മലനാടും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്ന തോടാണിത്.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേവു വള്ളങ്ങള്‍ സഞ്ചരിച്ചിരുന്ന തോട്ടിലൂടെ ഇപ്പോള്‍ ചെറുവള്ളങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
മാലിന്യങ്ങള്‍ തോട്ടില്‍ നിറഞ്ഞു കിടക്കുന്നതാണ് കാരണം. ധാരാളം മത്സ്യങ്ങളുണ്ടായിരുന്ന ഈ തോട്ടില്‍ ഇപ്പോള്‍ മത്സ്യങ്ങളുടെ പൊടിപോലും കാണാനില്ല. വല വീശീയാല്‍ വലയില്‍ കുടുങ്ങുന്നത് അറവുശാലകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങളാണ്.ഒരു കാലത്ത് ചേര്‍ത്തല താലൂക്കിലെ പ്രധാന മൊത്തവ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു കുത്തിയതോട് മാര്‍ക്കറ്റ്.
നൂറുക്കണക്കിന് വള്ളങ്ങളാണ് ഇവിടെ എത്തിയിരുന്നത്. ഇപ്പോള്‍ കുത്തിയതോട്ടിലെ വ്യാപാര സ്ഥാപനങ്ങള്‍ തന്നെ കുറവാണ്.ഇതോടെ വള്ളങ്ങളുടെ വരവ് നിലച്ചു.ദേശീയ പാതയില്‍ കുത്തിയതോട് പോലീസ് സ്റ്റേഷന്, പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് എന്നിവയ്ക്ക് സമീപത്തായി രണ്ട് പാലങ്ങളാണ് സ്ഥിതി ചെയ്യുന്നത്. രാത്രികാലങ്ങളില്‍ ഈ പാലങ്ങളുടെ അടിയിലൂടെയുള്ള ചെറുവഴിയിലൂടെ എത്തിയാണ് മാലിന്യങ്ങള്‍ തള്ളുന്നത്.പല മാലിന്യ ചാക്കുകളും വേലിയേറ്റത്തില്‍ കായലില്‍ തിരിച്ചൊഴുകി തോടിനരികില്‍ തന്നെ അടിയുന്നു.
തഴുപ്പ് നാമനാട്ട് കായലിലും മാലിന്യങ്ങള്‍ തള്ളുന്നതായി പാതിയുണ്ട് കഴിഞ്ഞ ദിവസം 30 ചാക്ക് അറവുശാലകളിലെ മാലിന്യങ്ങള്‍ തഴുപ്പ് തട്ടുങ്കല്‍ ബാബുവിന്റെ വസതിക്ക് പടിഞ്ഞാറെ ഭാഗത്തുള്ള കായലില്‍ തള്ളിയിരുന്നു. നാട്ടുകാര്‍ കുത്തിയതോട് പോലിസില്‍ പരാതി നല്കി.
മാലിന്യങ്ങളില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം മൂലം കായലോര നിവാസികള്‍ ദുരിതമനുഭവിക്കുകയാണ്. കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളിലെ തോടുകളിലാണ് കൂടുതല്‍ മാലിന്യങ്ങള്‍ തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പല തവണ നാട്ടുകാര്‍ ഇരു പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ നാട്ടുകാര്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."