താത്തൂര്‍ പൊയിലിലെ പമ്പ് ഹൗസ് അടച്ചുപൂട്ടുന്നു; മാവൂരില്‍ ഇനി കുടിവെള്ള വിതരണം കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന്
മാവൂര്‍: താത്തൂര്‍ പൊയിലിലെ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസ് അടച്ചുപൂട്ടുന്നു. കൂളിമാട് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നായിരിക്കും ഇനി മാവൂര്‍ പഞ്ചായത്തിലെ കുടിവെള്ള വിതരണം. രണ്ടുദിവസമായി പരീക്ഷണ അടിസ്ഥാനത്തില്‍ ജലവിതരണം നടക്കുന്നുണ്ട്. ഇത് വിജയകരമാകുന്നതോടെ താത്തൂര്‍പൊയിലിലെ പമ്പ് ഹൗസ് അടച്ചുപൂട്ടും.
മാവൂര്‍ ഗ്രാസിം പരിസരത്തെ കരിമലയിലെ ടാങ്കില്‍നിന്നാണ് ഇതുവരെ ജലവിതരണം നടന്നിരുന്നത്. ശാസ്ത്രീയമായി ശുദ്ധീകരിക്കാത്ത കുടിവെള്ളമായതിനാല്‍ പലരും ഉപയോഗപ്പെടുത്തുന്നില്ല. ചാലിയാറില്‍നിന്ന് പമ്പ് ചെയ്യുന്ന വെള്ളത്തില്‍ ക്ലോറിനേഷന്‍ മാത്രമാണ് നടത്തിയിരുന്നത്. പലപ്പോഴും ചെളിവെള്ളമായിരുന്നു ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. പുതിയ പദ്ധതിയിലൂടെ ശാസ്ത്രീയമായ ശുദ്ധീകരിച്ച ജലം മുഴുവന്‍ സമയവും ലഭിക്കും. കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ആവശ്യത്തിലേറെ വെള്ളമുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കൂളിമാട് പമ്പ് ഹൗസില്‍നിന്ന് 72 ദശലക്ഷം ലിറ്റര്‍ ജലം പമ്പ് ചെയ്യാന്‍ കഴിയുന്ന മോട്ടോറും അനുബന്ധ യന്ത്രസാമഗ്രികളും ഉണ്ട്. നേരത്തെ മുഴുവന്‍ വെള്ളവും കോഴിക്കോട് നഗരത്തിലേക്കും മെഡിക്കല്‍ കോളജിലേക്കും പമ്പ് ചെയ്തിരുന്നു. കോഴിക്കോട് നഗരത്തിലേക്ക് ജൈക്ക പദ്ധതി വഴിയുള്ള വെള്ളം ലഭ്യമാക്കുന്നതിനാല്‍ ബാക്കിയുള്ള 56 ദശലക്ഷം ലിറ്റര്‍ വെള്ളം മാത്രമേ കൂളിമാട്ടുനിന്ന് ആവശ്യമുള്ളൂ. ബാക്കിവരുന്ന വെള്ളമാണ് മാവൂരിലും ചാത്തമംഗലം പഞ്ചായത്തിലും കുടിവെള്ളം വിതരണം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. മാവൂര്‍ പഞ്ചായത്തില്‍ 1.2 കോടിയും ചാത്തമംഗലം പഞ്ചായത്തില്‍ ഒരു കോടി രൂപയും ഇതിനായി അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."