ആശങ്കയിലാക്കി ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് മരണങ്ങള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: റിട്ട. എ.എസ്.ഐ മുതല്‍ വൈദികന്‍ വരെ നീളുന്ന ഉറവിടമറിയാത്ത കൊവിഡ് മരണങ്ങള്‍ ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും ആശങ്കയിലാക്കുന്നു. നേരത്തെ തിരുവനന്തപുരം പോത്തന്‍കോട് രോഗം ബാധിച്ചു മരിച്ച അബ്ദുല്‍ അസീസ്, ചൊവ്വാഴ്ച മരിച്ച വൈദികന്‍ കെ.ജി വര്‍ഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഫ ഫാത്തിമ, കൊല്ലത്ത് കഴിഞ്ഞ ദിവസം മരിച്ച കാവനാട് സ്വദേശി സേവ്യര്‍ എന്നിവര്‍ക്ക് എവിടെനിന്ന് രോഗം കിട്ടി എന്നതിലാണ് വ്യക്തതയില്ലാത്തത്. കൊല്ലം സ്വദേശി സേവ്യറിനെ മരിച്ചതിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനാല്‍ തന്നെ ഇയാളുടെ റൂട്ട് മാപ്പ് ഉള്‍പ്പെടെ ആരോഗ്യ വകുപ്പിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരത്തെ റിട്ട. എ.എസ്.ഐ അബ്ദുല്‍ അസീസിന്റെ മരണത്തെപ്പറ്റി ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തിയരുന്നു. വിദേശയാത്ര നടത്തിയിട്ടില്ലാത്ത അബ്ദുല്‍ അസീസിന് രോഗം ബാധിച്ചതെവിടെ നിന്നെന്ന കാര്യം ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലും ആരോഗ്യ വകുപ്പിന് മനസിലാക്കാനായില്ല. അബ്ദുള്‍ അസീസിന്റെ കുടുംബാംഗങ്ങള്‍ക്കോ പ്രദേശവാസികളായ മറ്റാര്‍ക്കുമോ രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ രോഗത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണവും ആരോഗ്യ വകുപ്പ് പതിയെ അവസാനിപ്പിച്ചു. തലസ്ഥാനത്ത് തന്നെ റിമാന്‍ഡ് പ്രതികള്‍ മുതല്‍ പെയിന്റിങ്ങ് തൊഴിലാളിവരെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെങ്കിലും ഇതുവരെ ഉറവിടം കണ്ടെത്തിയിട്ടില്ല.
കൂടാതെ സംസ്ഥാനത്ത് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന, ആരോഗ്യ പ്രവര്‍ത്തകര്‍ മുതല്‍ സമ്പര്‍ക്ക ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് വരെ എവിടെ നിന്ന് രോഗം പകര്‍ന്നു എന്നത് സംബന്ധിച്ചും ആരോഗ്യ വകുപ്പിന് വ്യക്തതയില്ല.
കൊവിഡ് മൂലം മരിച്ച നാലു പേര്‍ക്കും വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന ആരെങ്കിലുമായി സമ്പര്‍ക്കമുണ്ടായോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത വൈറസ് വാഹകരില്‍ നിന്നാകും ഇവര്‍ക്ക് രോഗം കിട്ടിയതെന്ന് ആരോഗ്യ വകുപ്പ് കരുതുന്നു. അങ്ങനെയെങ്കില്‍ അത്തരം ആളുകള്‍ ഇനിയുമേറെപ്പേര്‍ക്ക് രോഗം പടര്‍ത്തിയിട്ടുണ്ടാകില്ലേ എന്നാണ് മറുചോദ്യം.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം) 1.7 ശതമാനം എന്ന മികച്ച തോതിലാണ്. എന്നാല്‍ ഉറവിടം അജ്ഞാതമായതും സമ്പര്‍ക്കം വഴിയുമുള്ള രോഗ ബാധ കൂടുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."