നാമനിര്‍ദേശ പത്രിക സമര്‍പ്പണം 28 മുതല്‍
കോഴിക്കോട്: ജില്ല പൂര്‍ണമായും തെരഞ്ഞെടുപ്പ് ചൂടിലായതിന് പിന്നാലെ 28 മുതല്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി ഏപ്രില്‍ നാലിനും സൂക്ഷ്മ പരിശോധന അഞ്ചിനുമാണ്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ എട്ടാണ്. വരണാധികാരിയായ ജില്ലാ കലക്ടര്‍ക്കാണ് പത്രിക നല്‍കേണ്ടത്. സ്ഥാനാര്‍ഥി ഉള്‍പ്പെടെ 5 പേര്‍ക്ക് മാത്രമേ പത്രിക സമര്‍പ്പണത്തിന് എത്താനാകൂവെന്ന് ജില്ലയിലെ രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതലുള്ള പ്രചാരണ ചെലവ് നിരീക്ഷണ വിധേയമാക്കും. ഇതിനായി സ്ഥാനാര്‍ഥി പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം. സ്ഥാനാര്‍ഥിയുടെ പേരിലോ, സ്ഥാനാര്‍ഥിയുടെയും ഏജന്റിന്റെയും പേരില്‍ സംയുക്തമായോ അക്കൗണ്ട് തുടങ്ങാം. അച്ചടിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവയില്‍ പ്രസിന്റെയും പ്രിന്ററുടെയും പബ്ലിഷറുടെയും പേര്, എണ്ണം എന്നിവ വ്യക്തമാക്കണം. ഒപ്പം പോസ്റ്റര്‍ കോപ്പി, സത്യവാങ്മൂലം എന്നിവ ഹാജരാക്കണം.
കലക്ടറേറ്റ് ചേംബറില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ഇ.പി മേഴ്സി, ഫിനാന്‍സ് ഓഫിസര്‍ എം.കെ രാജന്, ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ്, ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."