ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം: ചൈനയ്ക്കു തിരിച്ചടിയായി യു.എന്‍ കോടതി ഉത്തരവ്
ഹേഗ്: ദക്ഷിണ ചൈനാ കടല്‍തര്‍ക്കത്തില്‍ ചൈനയ്ക്കു തിരിച്ചടിയായി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. ചൈനയും ഫിലിപ്പൈന്‍സും തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ ഫിലിപ്പൈന്‍സിനുകൂലമായ വിധിയാണ് ഹേഗിലെ കോടതി പുറപ്പെടുവിച്ചത്.
രാജ്യാന്തരതലത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കാവുന്ന വിധിയെക്കുറിച്ചു പഠിച്ചുവരികയാണെന്നാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അറിയിച്ചത്. വന്‍ എണ്ണനിക്ഷേപ സാധ്യത കണ്ടെത്തിയ ദക്ഷിണ ചൈനാ കടലിലെ അവകാശം തങ്ങള്‍ക്കാണെന്ന ചൈനയുടെ വാദത്തിനു നിയമപരമായ സാധുതയില്ലെന്നും ചരിത്രപരമായി ഇതു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനായിട്ടില്ലെന്നും അഞ്ചംഗകോടതി ബെഞ്ച് പറഞ്ഞു.
497 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. എന്നാല്‍, വിധി അംഗീകരിക്കില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അറിയിച്ചു. വിധി ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ പരമാധികാരത്തെ ബാധിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
തര്‍ക്കത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്ന ചൈനയുടെ വാദം മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമാകും. ദക്ഷിണ ചൈനാ കടലിലെ ദ്വീപിനെച്ചൊല്ലിയും ചൈന അവകാശവാദം ഉന്നയിച്ചിരുന്നു. ഫിലിപ്പൈന്‍സിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുകയാണ് ചൈനയെന്നു കോടതി പറഞ്ഞു. കൃത്രിമ ദ്വീപ് നിര്‍മാണം പരിസ്ഥിതിക്കു കോട്ടംതട്ടുന്ന പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു.
കടല്‍ നിയമങ്ങളെക്കുറിച്ചുള്ള യുനൈറ്റഡ് നാഷന്‍സ് പ്രമേയം (യു.എന്‍.സി.എല്‍.ഒ.എസ്) പ്രകാരമാണ് കോടതിയുടെ വിധി. ചൈനയും ഫിലിപ്പൈന്‍സും ഈ പ്രമേയത്തില്‍ ഒപ്പുവച്ചതിനാല്‍ വിധി അംഗീകരിക്കാനുള്ള നിയമപരമായ ബാധ്യത ചൈനയ്ക്കുണ്ട്. ചൈന വിധി മറികടന്നാല്‍ അതു വലിയ പ്രത്യാഘാതമുണ്ടാക്കും. അന്താരാഷ്ട്ര കോടതിക്കു വിധി നടപ്പാക്കാനുള്ള അധികാരമില്ലാത്തതിനാല്‍ വിധി ചൈന സ്വയം അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ.
ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ പരമാധികാരവാദത്തെ ഫിലിപ്പൈന്‍സ്, മലേഷ്യ, ബ്രൂണെ, തായ്‌വാന്‍, വിയറ്റ്‌നാം രാജ്യങ്ങളും എതിര്‍ക്കുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്കു സമീപമുള്ള ദക്ഷിണ ചൈനാ കടലില്‍ തങ്ങള്‍ക്കും അധികാരമുണ്ടെന്നാണ് ഇവരുടെ വാദം. യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്.
2000 വര്‍ഷമായി ഈ പ്രദേശത്ത് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മത്സ്യബന്ധനവും മറ്റും നടത്തുന്നുണ്ടെന്നു കോടതി പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ഇത് ചൈനയുടേതാണെന്ന് പറയുന്നതിലെ യുക്തിയും കോടതി ചോദ്യം ചെയ്തു. പ്രദേശത്ത് ചൈന കൃത്രിമദ്വീപ് നിര്‍മിക്കുകയും ഇവിടെ സൈനികസാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. വിമാനവേധ തോക്കുകള്‍ ഉള്‍പ്പെടെ ഇവിടെ സ്ഥാപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."