വടക്കന്‍ മണ്ണിലെ കളിയാരവം
തൃക്കരിപ്പൂര്‍ ഒളവറ മുതല്‍ തലപ്പാടി വരെയുള്ള കാസര്‍കോടന്‍ ഗ്രാമവീഥികളിലും നഗരങ്ങളിലും തൂകല്‍ പന്തുകളിയുടെ ആരവമാണ് ഉയരുന്നത്. നാടുനീളെ പ്രിയപ്പെട്ട രാജ്യങ്ങളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അന്ത്യോദയക്ക് സ്‌റ്റോപ്പ്, ഭാഷാന്യൂനപക്ഷ കേന്ദ്രങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയ വിഷയം, അതിര്‍ത്തി ഗ്രാമങ്ങളില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ഇതെല്ലാം കണ്ട കഴിഞ്ഞയാഴ്ചകളിലും ചന്ദ്രഗിരി പുഴക്ക് തെക്കും വടക്കും കളിക്കമ്പത്തില്‍ മാത്രം ഒരു വേര്‍തിരിവുമുണ്ടായില്ല.
ഫുട്‌ബോള്‍ ആവേശം കൊട്ടിക്കയറുന്ന സമൂഹിക മാധ്യമങ്ങള്‍, ഇഷ്ടതാരത്തിന്റെയും ടീമിന്റെയും കട്ടൗട്ടുകള്‍ നിറഞ്ഞ വഴികള്‍, വാതുവയ്പ്പിന്റെ ആവേശം, അങ്ങനെ വടക്കിന്റെ മണ്ണും ലോകകപ്പ് ഫുട്‌ബോള്‍ ആരവം കൊട്ടിക്കയറുകയാണ്. അര്‍ജന്റീനയെന്ന കൊമ്പന്‍ വീണിട്ടും ലോകകപ്പിന്റെ ആസ്വാദ്യതയ്ക്ക് കുറവൊന്നും വന്നിട്ടില്ല. 15,000 രൂപ വരെ ചെലവഴിച്ചാണ് ആരാധാകര്‍ തങ്ങളുടെ ടീമിന്റെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചത്.
വീടുകളിലെ സ്വീകരണ മുറികളില്‍, റസിഡന്‍സ് അസോസിയേഷന്‍ ഹാളുകളില്‍, ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും മുറികള്‍ എന്നിവടങ്ങളിലെല്ലാം പെരുമഴയിലും ആവേശം ചോരാതെ കാല്‍പ്പന്തുകളിയുടെ വിശ്വമാമാങ്കത്തെ വരവേല്‍ക്കുകയാണ് രാത്രിയും പുലര്‍ച്ചെയുമെന്നില്ലാതെ. ബിഗ് സ്‌ക്രീന്‍ കളികണ്ട്, തോറ്റവരെ കൂകിത്തോല്‍പ്പിച്ച്, വിജയം ചെറുസംഘങ്ങളായി ആഘോഷിച്ച് രാത്രിയെ പകലാക്കുകയാണ് വടക്കന്‍ മണ്ണിലെ ഫുട്‌ബോള്‍ ആരാധാകര്‍. 100 വര്‍ഷത്തിലേറെ പഴക്കമുണ്ട് ജില്ലയിലെ കളിപ്പെരുക്കത്തിന്.
ജില്ലയിലെ ഫുട്‌ബോള്‍ ഗ്രാമങ്ങളായ മൊഗ്രാല്‍, തൃക്കരിപ്പൂര്‍, മേല്‍പ്പറമ്പ്, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളില്‍ വേരൂന്നിയ ഫുട്‌ബോള്‍ ഭ്രാന്ത്. ഇന്ത്യന്‍ താരങ്ങളെയും സന്തോഷ് ട്രോഫി താരങ്ങളെയും കേരളത്തിനും ഇന്ത്യക്കും സംഭാവന ചെയ്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫുട്‌ബോള്‍ അടക്കമുള്ള കളികളുടെ പ്രോത്സാഹനത്തിന് വലിയ പിന്തുണ നല്‍കുന്നുണ്ട്. കുരുന്നിലേ പിടികൂടകയെന്ന തന്ത്രവും ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കി വരുന്നുണ്ട്.
ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത് റഷ്യന്‍ വീഥികളിലാണെങ്കിലും അതിന്റെ അലയൊലി കാസര്‍കോടിന്റെ ചെറു ഗ്രാമങ്ങള്‍വരെ ഏറ്റെടുത്തു കഴിഞ്ഞു. ഈ ആവേശം വരുംകാല ഫുട്‌ബോള്‍ വളര്‍ച്ചക്ക് ഉതകുക തന്നെ ചെയ്യും.
ജില്ലയില്‍ ഫുട്‌ബോള്‍ ആരവം ഉയരാത്ത ഒരു സ്ഥലവുമില്ലെന്നതാണ് യാഥാര്‍ഥ്യം. കളിക്കമ്പക്കാരുടെ വീറും വാശിയും വരും ദിനങ്ങളില്‍ ആവേശക്കമ്പക്കെട്ട് പൊട്ടിക്കുമ്പോള്‍ വടക്കന്‍ മണ്ണില്‍ ഫുട്‌ബോളിന് പുതിയ വളക്കൂട്ടൊരുക്കുമെന്ന് പ്രതീക്ഷിക്കാം.
സംഘര്‍ഷവും ലാത്തിച്ചാര്‍ജ്ജും
ബ്രസീല്‍ കളി ജയിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷവും ലാത്തിച്ചാര്‍ജും നടന്ന കാര്യം കൂടി കാസര്‍കോടിന് പറയാനുണ്ടാകും.
ഫുട്‌ബോള്‍ മത്സരത്തില്‍ തോറ്റാല്‍ ഏറ്റുമുട്ടുന്ന വിദേശരാജ്യങ്ങളെ പോലെ വടക്കന്‍ മണ്ണിലും ഈയിടെ ഇരു ടീമുകളുടെ ആരാധകര്‍ ഏറ്റുമുട്ടി. ആദ്യറൗണ്ട് മത്സരത്തില്‍ ബ്രസീല്‍ വിജയിച്ചപ്പോള്‍ ഉദുമയിലാണ് സംഘര്‍ഷം അരങ്ങേറിയത്. നെയ്മറിന്റെ ഫ്‌ളക്‌സില്‍ ആരാധകര്‍ പാലഭിഷേകം നടത്തി. മറ്റ് ടീമുകളുടെ ആരാധാകരെ കളിയാക്കി.
ഇത് അര്‍ജന്റീന ആരാധകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വിവരമറിഞ്ഞെത്തിയ പേക്കല്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തി ഫ്‌ളക്‌സുകള്‍ അഴിച്ചുമാറ്റി. ഇത് ചോദ്യം ചെയ്തപ്പോഴാണ് പൊലിസ് ലാത്തിവീശിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ ശുധാകരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസെത്തിയാണ് സംഘര്‍ത്തിന് അയവ് വരുത്തിയത്.
ഫുട്‌ബോളിനുവേണ്ടി ജീവന്‍ വെടിഞ്ഞു
ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ച നാടാണിത്. കാസര്‍കോട് ബോവിക്കാനത്താണ് സംഭവം. ഒരു വര്‍ഷം മുന്‍പാണ് പൊവ്വല്‍ സ്വദേശി കൊല്ലപ്പെട്ടത്. ബോവിക്കാനത്തെ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഗോളടിച്ച് പ്രൊജക്ടര്‍ വിപണി
കളിയുടെ ലഹരി തലയ്ക്കടിക്കണമെങ്കില്‍ ബിഗ് സ്‌ക്രീന്‍ തന്നെ വേണം. ടെലിവിഷന്റെ 32, 50 ഇഞ്ചൊന്നും പോരാ. ലോകകപ്പ് ലഹരി തലക്ക് പിടിച്ചതോടെ 130, 200 ഇഞ്ച് സ്‌ക്രീനില്‍ സ്‌റ്റേഡിയം തന്നെ വീട്ടിലേക്കും ക്ലബുകളിലേക്കും ഇറങ്ങി വരികയാണ്.
താങ്ങാനാകാത്ത വിലകാരണം അകറ്റി നിര്‍ത്തിയിരുന്ന പ്രൊജക്ടറുകള്‍ ലോകകപ്പ് തുടങ്ങിയതോടെ പലരും വാങ്ങിവച്ചു. കളി കഴിഞ്ഞാലും ഉപയോഗിക്കാമെന്ന ന്യായം ബാക്കിയും.
ക്ലബുകളും മറ്റും പലയിടത്തു നിന്നായി വാടകയ്ക്കും പ്രൊജക്ടറുകള്‍ ഒപ്പിച്ചു. റസിഡന്റ് അസോസിയേഷനുകള്‍, ക്ലബുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങിയവയെല്ലാം ചെറിയ മുതല്‍ മുടക്കിലുള്ള പ്രൊജക്ടറുകള്‍ വാങ്ങി കാല്‍പ്പന്ത് സായാഹ്നങ്ങള്‍ക്ക് പൊലിമ കൂട്ടുകയാണ്. ചില വ്യാപാര സ്ഥാപനങ്ങള്‍ മാസ തവണ വ്യവസ്ഥയിലും പ്രൊജക്ടറുകള്‍ വില്‍പ്പന നടത്തിയിരുന്നു.
കുണ്ടംകുഴിയിലെ പച്ച വിചാരം
കുണ്ടംകുഴിയിലവെ കവലകളില്‍ ഫുട്‌ബോളിന്റെ ആരവങ്ങള്‍ പകര്‍ത്തിയത് ഫ്‌ളക്‌സിലല്ല. തുണിയില്‍. തുണിയില്‍ മാത്രം.! ഫുട്‌ബോളെന്ന ലോക മാമാങ്കത്തിന്റെ പേരില്‍ ഒരു ഫ്‌ളക്‌സവിടെ കാണില്ല. രണ്ടു രാജ്യക്കാരും (ബ്രസീല്‍, അര്‍ജന്റീന) ഒന്നിച്ചു തീരുമാനിച്ചതാണത്രെ. കാല്‍പ്പന്തു കളിയില്‍ പ്രതിരോധത്തിന്റെ സൗന്ദര്യം സാധ്യമാക്കിയ ലാറ്റിനമേരിക്കന്‍ ചുവടുകള്‍ പോലെ മലയാളിയുടെ പരിസ്ഥിതി രാഷ്ട്രീയത്തിലേക്ക് തുണികള്‍ കൊണ്ട് ചുവടുവച്ച ചെറുപ്പക്കാര്‍. ടൗണിലെല്ലായിടത്തും തുണികളിലാണ് ലോക പ്രശസ്ത കളിക്കാര്‍ അണിനിരന്നത്.
ടൗണിന്റെ ഒത്ത നടുവില്‍ ബ്രസീലിന്റ പതാക തൂങ്ങുന്നു. ഫുട്‌ബോള്‍ കാലത്തല്ലാതെ ഇങ്ങനെയൊരു പതാകക്ക് നമ്മുടെ രാജ്യത്തിനകത്ത് ഇതുപോലെ പാറിക്കളിക്കാനാവുമോ.! കുണ്ടംകുഴിയിലെ ചെറുപ്പക്കാര്‍, കേരളം ഒരു പരിസ്ഥിതിനാശ പ്രദേശമാണെന്ന് തിരിച്ചറിഞ്ഞവര്‍. അതും ഇപ്പോള്‍ പരിസ്ഥിതി സമൃദ്ധമായ ഒരു ദേശത്തു നിന്ന്.
അവര്‍ ഫുട്‌ബോള്‍ സ്‌നേഹികളാണ്. ഫാന്‍സുകാരാണ്. അവരില്‍ നിന്ന് മലയാളി ഫുട്‌ബോള്‍ ഫാന്‍സിന് പഠിക്കാന്‍ ഏറെയുണ്ട്. പ്രിയപ്പെട്ട ഫാന്‍സുകാരേ ഇനിയും വയ്ക്കാനിരിക്കുന്ന ഫ്‌ളക്‌സുകളിലെ വാക്കുകളെ നിങ്ങള്‍ തുണിയിലേക്ക് മാറ്റിയെഴുതൂ. ഭാവി ചെന്നെത്തുന്ന ഹരിത രാഷ്ട്രീയത്തിലേക്ക്, ചില പച്ചവിചാരങ്ങളിലേക്ക് നമുക്ക് കുണ്ടംകുഴിയിലെ ഫുട്‌ബോള്‍ ഫാന്‍സുകാരില്‍നിന്ന് തുടങ്ങാം..
ആവേശത്തിനൊപ്പം പ്രസ് ക്ലബും
ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ പങ്കുചേരാന്‍ കാസര്‍കോട് പ്രസ്‌ക്ലബും, വെല്‍ഫിറ്റ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. വിജയിക്ക് വാഷിങ് മെഷിന്‍ സമ്മാനമായി നല്‍കും.
ആര് ജേതാവാകും, ഫൈനലിലെത്തുന്ന ടീമുകള്‍ ഏതെല്ലാം, ആര്‍ക്കാണ് ഗോള്‍ഡന്‍ ബുട്ട് എന്നിവയാണ് ചോദ്യങ്ങള്‍. പ്രവചന കൂപ്പണ്‍ നിക്ഷേപ്പിക്കാന്‍ കാസര്‍കോട് പ്രസ് ക്ലബ് പുതിയ ബസ് സ്റ്റാന്‍ഡിലെ വൈശാലി ബുക്ക് സ്റ്റാള്‍, പഴയ ബസ് സ്റ്റാന്‍ഡിലെ ബി.എച്ച് അബൂബക്കര്‍ ന്യൂസ് ഏജന്‍സി എന്നിവിടങ്ങളില്‍ ബ്ലോക്കുകള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളക്കടലാസില്‍ ഉത്തരങ്ങള്‍ക്ക് പുറമെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ എഴുതണം. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങല്‍ക്ക് മുന്‍പായി ഉത്തരങ്ങള്‍ ലഭിക്കണം. ശരിയായ കൂപ്പണുകളില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ നിശ്ചയിക്കുക.
കായികപ്രേമികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളുകള്‍
തോല്‍ക്കുന്ന ടീമുകളുടെ ആരാധാകരെ നാണം കെടുത്താനും വിജയിച്ച ടീമുകളുടെ ആരാധകര്‍ക്ക് അര്‍മാദിക്കാനും ട്രോള്‍ കൊണ്ടുള്ള ആവേശമാണ് ലോകകപ്പിന്റെ ഇക്കുറിയത്തെ ട്രെന്‍ഡ്.
ലോകകപ്പില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ തന്നെ ട്രോളുകളുടെ പെരുമഴയാണ്. മത്സരം അവസാനിച്ചാലും പിന്നെയും ട്രോള്‍മഴ പെയ്തു തീരാറില്ല.
തോല്‍ക്കുന്നവര്‍ കണ്ടം വഴിയോടുന്ന ട്രോളാണ് കൂടുതലായും ഉപയോഗിച്ച് വരുന്നത്.
ചിരി നിര്‍ത്താന്‍ കഴിയാത്ത ട്രോളുകളുടെ കൂമ്പാരമാണ് മലാളിയുടെ മൊബൈല്‍ ഇന്‍ബോക്‌സുകളില്‍ വന്നു നിറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."