തൊഴില്‍ തര്‍ക്കം: നെല്ല്‌സംഭരണം നിലച്ചു; കര്‍ഷകര്‍ ആശങ്കയില്‍
കുട്ടനാട്: ചുമട്ടുജോലികള്‍ സംബന്ധിച്ചു യൂനിയനുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കണ്ടങ്കരിയില്‍ നെല്ലുസംഭരണം നിലച്ചു. ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍ വരുന്ന നാല്‍പതു പാടശേഖരത്തിലെ നെല്ലുസംഭരണമാണ് കഴിഞ്ഞ നാലു ദിവസങ്ങളായി മുടങ്ങിയത്. 420 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 260 ഏക്കറിലെ നെല്ല് ഇനിയും സംഭരിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ 21നാണ് ഇവിടെ വിളവെടുപ്പ് പൂര്‍ത്തായായത്. തുടര്‍ന്ന് നെല്ലുസംബരണം ആരംഭിച്ചെങ്കിലും ശനിയാഴ്ച തര്‍ക്കത്തെത്തുടര്‍ന്ന് മുടങ്ങുകയായിരുന്നു. സി.ഐ.ടി.യു, ബി.എം.എസ് യൂനിയനുകള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭരണം നിലയ്ക്കാന്‍ കാരണം.
തുടര്‍ന്ന് കര്‍ഷകര്‍ ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍, എ.ഡി.എ എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ കൃഷി ഓഫിസര്‍ പാടശേഖരം സന്ദര്‍ശിച്ചിരുന്നു.
യൂനിയന്‍ പ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവരുമായി ഇന്നു ലേബര്‍ ഓഫിസര്‍ ചര്‍ച്ച നടത്തും. നെല്ല്‌സംഭരണം നിലച്ചത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. നെല്ല് ദിവസവും തുറന്ന് വെയിലത്ത് ഉണക്കി സൂക്ഷിക്കണം.
ഇതിന് ഏറെ കൂലിച്ചിലവ് വരുന്നതാണ്. കൂടാതെ ഏതു നിമിഷവും മഴ പെയ്യാമെന്ന സാഹര്യമാണ് നിലവിലുള്ളത്. മഴയുണ്ടായാല്‍ അതിന്റെ പേരില്‍ ഇടനിലക്കാരുടെ ചൂഷണത്തിനിരയാകേണ്ടി വരുമോ എന്ന ഭയവും കര്‍ഷകര്‍ക്കുണ്ട്. ഇതിനിടെ ഡി ബ്ലോക്ക് തെക്കേ ആറായിരം കായലിലും സംഭരണക്കാര്യത്തില്‍ മെല്ലെപ്പോക്കാണെന്ന് പരാതിയുണ്ട്. 600 ഏക്കര്‍ വരുന്ന കായലില്‍ കൊയ്ത്ത് തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. എന്നാല്‍ ഇത്രയും ദിവസമായിട്ടും നെല്ലെടുക്കാന്‍ ആവശ്യമായ സംവിധാനങ്ങളില്ലൊന്നാണ് പാടശേഖരസമിതി പറയുന്നത്.
നിലവില്‍ ആകെ 5 വള്ളങ്ങളാണ് നെല്ലെടുക്കാനുള്ളത്. ഇത്രയും വള്ളങ്ങള്‍ ഉപയോഗിച്ച് ദിവസേന എട്ടു ലോഡ് നെല്ല് മാത്രമെ കയറ്റി അയക്കാന്‍ കഴിയൂ. ഇതുവരെ വിളവെടുപ്പു നടന്ന പാടത്തെ 75 ലോഡ് നെല്ല് ഇനിയും സംഭരിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. കായലിന്റെ കിഴക്കേ പുറംബണ്ടിലെ നെല്ലാണ് ഏറെയും കെട്ടിക്കിടക്കുന്നത്.
സംഭരണം നടക്കാത്തതു മൂലം വിളവെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ പാടത്തു തന്നെ കഴിയുകയാണ്. കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാന്‍ അധികൃതരുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് പാടശേഖര സമിതി സെക്രട്ടറി ബാബു ജോസ് മുട്ടുങ്കല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."