സ്വാശ്രയ വിദ്യാലയങ്ങളിലെ പീഡനങ്ങള്‍ക്കെതിരേ സമരം ശക്തമാക്കും: എസ്.യു.സി.ഐ
തിരുവനന്തപുരം: സ്വാശ്രയ വിദ്യാലയങ്ങളിലെ പീഡനങ്ങള്‍ക്കെതിരേയുള്ള സമരം ശക്തമാക്കുമെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തെയും എസ്.യു.സി.ഐ പ്രവര്‍ത്തകര്‍ റാഞ്ചിയെന്നും മറ്റുമുള്ള പ്രസ്താവനകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്വമെന്തെന്ന് തിരിച്ചറിയാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത്.
മഹിജ ആവശ്യപ്പെട്ട എല്ലാ സഹായവും ചെയ്യാന്‍ എസ്.യു.സി.ഐ സന്നദ്ധമാവുകയായിരുന്നു. പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത് ഇടതുപക്ഷ രാഷ്ട്രീയത്തിനേറ്റ കളങ്കമാണ്. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കണമെന്നും കള്ളക്കേസ് ചുമത്തി തുറുങ്കിലടച്ച പൊതുപ്രവര്‍ത്തകര്‍ക്കെതിരേ എടുത്ത ഗൂഢാലോചനാ കേസ് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ സംസ്ഥാനത്തുടനീളം ജനാധിപത്യ സംരക്ഷണ കാംപയിന് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ: വി വേണുഗോപാല്‍, ജി.എസ് പത്മകുമാര്‍, ജെയ്സണ്‍ ജോസഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റംഗം എം ഷാജര്‍ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."