ചിക്കനും മദ്യവും വേണം, താല്‍ക്കാലിക വാച്ചറായി നിലനില്ക്കാന്
മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ താത്കാലിക വാച്ചര്‍മാരുടെ ജോലി സംരക്ഷിക്കാന്‍ സ്ഥിരം ജീവനക്കാര്‍ക്ക് മാസം ചിക്കനും മദ്യവും വാങ്ങി നല്‍കണമെന്ന് ആരോപണം . ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചന്ദന സംരക്ഷണം കാര്യക്ഷമമാക്കുന്നതിനായി ആലാംപെട്ടിയുടെ മുകള്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഔട്ട് പോസ്റ്റിലെ ഫോറസ്റ്റ് ഓഫീസര്‍മാരാണ് ആദിവാസികളായ താത്കാലിക വാച്ചര്‍മാര്‍ക്ക് ശമ്പളം നല്കുന്ന ദിവസം വിഹിതമായി ചിക്കനും മദ്യവും നിര്‍ബന്ധപൂര്‍വ്വം വാങ്ങിപ്പിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഇവര്‍ക്ക് ലഭിക്കുന്ന തുശ്ച വേതനത്തില്‍ നിന്നും ആയിരത്തിലധികം രൂപ ചിലവഴിക്കേണ്ടതായി വന്ന സാഹചര്യത്തിലാണ് താത്കാലിക ജീവനക്കാര്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. വേതനം ലഭിക്കുന്ന ദിവസം ഉദ്യോഗസ്ഥര്‍ക്ക് വാച്ചര്‍മാരുടെ കൈവശം ആവശ്യമുള്ള മദ്യത്തിന്റെ പേരും അളവും എഴുതി കൊടുത്തുവിടുകയാണ് പതിവെന്ന് താത്കാലിക വാച്ചര്‍മാര്‍ പറയുന്നു.
30 ദിവസം വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളില്‍ വൈകുന്നേരം ആറുമണി മുതല്‍ രാവിലെ ആറുമണിവരെ ജോലി ചെയ്താല്‍ ലഭിക്കുന്നത് 24 ദിവസത്തെ വേതനം മാത്രമാണ്. ഇതില്‍ നിന്നാണ് നിര്‍ബന്ധപൂര്‍വ്വവും ഭീഷണിപ്പെടുത്തിയും മദ്യവും മറ്റും വാങ്ങുന്നത്. ഇത്തരത്തില്‍ ചൂഷണം ചെയ്യുന്ന രണ്ട് വനപാലകര്‍ക്കെതിരെ മേലുദ്യോഗസ്ഥരോട് പരാതിപെട്ടെങ്കിലും ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് താത്കാലിക വച്ചര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."