ബില്ലടച്ചില്ല; വയോധികനെ ആശുപത്രി കട്ടിലില്‍ കെട്ടിയിട്ടു
ഭോപ്പാല്‍: മധ്യപ്രദേശിലെ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം ബില്ലടയ്ക്കാന്‍ പണമില്ലാതിരുന്ന വയോധികനെ ആശുപത്രി കട്ടിലില്‍ കെട്ടിയിട്ടതായി പരാതി. സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. 80കാരനായ ഇയാള്‍ക്ക് അപസ്മാരമായിരുന്നെന്നും സ്വയം അപകടപ്പെടുത്തുന്നത് തടയാനാണ് കൈകാലുകള്‍ കട്ടിലില്‍ കെട്ടിയിട്ടതെന്നുമാണ് വിശദീകരണം.
എന്നാല്‍, ചികിത്സയ്ക്കു ശേഷം 11,000 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നെന്നും ഇതു കൈയിലില്ലാത്തതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ രോഗിയെ കെട്ടിയിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍തന്നെ തങ്ങള്‍ 5,000 രൂപ അടച്ചിരുന്നെന്നും എന്നാല്‍, കൂടുതല്‍ ദിവസങ്ങളില്‍ ചികിത്സ വേണ്ടിവന്നതിനാല്‍ വലിയ പണം നല്‍കാന്‍ കൈവശമുണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഷാജാപൂരിലെ ആശുപത്രിക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, മാനുഷിക പരിഗണനവച്ച് ഇവരുടെ ചികിത്സാ ചെലവ് വേണ്ടെന്നുവച്ചതായി പിന്നീട് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇതോടെ, കുടുംബത്തിന്റെ ആരോപണം സത്യമാണെന്ന് തെളിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."