എന്‍.ഐ.എ കസ്റ്റഡിയിലിരിക്കെ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഐ.എസ് ബന്ധമുണ്ടെന്നാരോപിച്ച് മാര്‍ച്ചില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത യുവതിക്ക് കസ്റ്റഡിയിലിരിക്കേ കൊവിഡ് സ്ഥിരീകരിച്ചു. കശ്മിരിലെ ശ്രീനഗറില്‍നിന്നുള്ള ഹിന ബഷീര്‍ ബെയ്ഗ് എന്ന 39കാരിക്കാണ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. ഇവര്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെയ്ഗിനോടൊപ്പം ഭര്‍ത്താവ് ജഹാന്‍സൈബ് സമിയേയും അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്തതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹിയിലെ ജാമിഅ നഗറില്നിന്നായിരുന്നു ഇരുവരെയും ഡല്‍ഹി പൊലിസിന്റെ സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നത്. മെയ് 29നാണ് ഇവരെ തിഹാര്‍ ജയിലില്‍നിന്ന് എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങിയത്. ജയിലില്‍നിന്ന് ഇവരെ എന്‍.ഐ.എയ്ക്കു കൈമാറുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്കു കൊവിഡ് ഇല്ലെന്നായിരുന്നു സ്ഥിരീകരിച്ചിരുന്നത്.
തുടര്‍ന്ന് എന്‍.ഐ.എ കാര്യാലയത്തിലെത്തിച്ച ഇവരെ ഒന്‍പതു ദിവസത്തോളമായി ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്ത് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചതായി പട്യാലാഹൗസ് കോടതിയെ എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ചില എന്‍.ഐ.എ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."