എ.ടി.എം മേഖല പ്രതിസന്ധിയില്‍; പെടാപ്പാടില്‍ ബാങ്കുകള്‍
കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന കറന്‍സി ക്ഷാമം എ.ടി.എം കൗണ്ടറുകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പ്രതിസന്ധി തുടര്‍ന്നാല്‍ എ.ടി.എം കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് പോംവഴിയെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന സൂചന.
കറന്‍സി ക്ഷാമം കാരണം ആഴ്ചകളോളമായി പ്രവര്‍ത്തന രഹിതമായ എ.ടി.എം കൗണ്ടറുകള്‍ ബാങ്കുകള്‍ക്ക് നഷ്ടം വരുത്തിവയ്ക്കുന്ന സാഹചര്യത്തിലാണിത്. നഗരത്തിലെ വിവിധ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകള്‍ ഭീമമായ സ്ഥല വാടക നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്.
ഇവയില്‍ വിരലിലെണ്ണാവുന്നവയില്‍ മാത്രമാണ് ഇപ്പോള്‍ പണമുള്ളത്. റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കൗണ്ടറുകളെല്ലാം ദിവസങ്ങളോളമായി പ്രവര്‍ത്തിക്കുന്നില്ല. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്.
എ.ടി.എമ്മുകളില്‍ നിറയ്ക്കുന്ന പണം നിമിഷനേരം കൊണ്ട് കാലിയാവുന്നതും പണം പിന്‍വലിക്കാവുന്ന പരിധി കേന്ദ്രം എടുത്തുകളഞ്ഞതും കറന്‍സി ക്ഷാമം രൂക്ഷമായ നിലവിലെ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
റിസര്‍വ്വ് ബാങ്കില്‍ നിന്നുള്ള കറന്‍സി ലഭ്യത കുറഞ്ഞതോടെ ബാങ്കുകളുടെ ഏക ആശ്രയം സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന കറന്‍സിയായിരുന്നു.
ഇങ്ങനെ ലഭിക്കുന്ന കറന്‍സികള്‍ എ.ടി.എമ്മുകള്‍ നിറയ്ക്കാനായിരുന്നു ബാങ്കുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കറന്‍സി ക്ഷാമം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.എഫ്.ഇയിലേയും ലോട്ടറിയിലേയും ബിവറേജസ് കോര്‍പറേഷനിലേയും പണം ട്രഷറിയിലേക്ക് മാറ്റിത്തുടങ്ങിയതും പൊതുമേഖലാ ബാങ്കുകള്‍ക്ക് തിരിച്ചടിയായി.
വ്യാപാരികള്‍ നിക്ഷേപിക്കുന്ന കറന്‍സി മാത്രമാണ് ഇപ്പോള്‍ പല ബാങ്കുകള്‍ക്കും ആശ്രയം. അതിനാല്‍ തന്നെ പണം നിക്ഷേപിക്കാനെത്തുന്ന വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും ബാങ്കില്‍ നല്ല സ്വീകരണമാണ് അധികൃതര്‍ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."