ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് വമ്പന്മാര്
മോസ്കോ: ലോകകപ്പ് അവസാന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് ശക്തരായ ഇംഗ്ലണ്ട് കൊളംബിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.30ന് സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് മത്സരം. കൊളംബിയയുമായുള്ള കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഇംഗ്ലണ്ട് പരാജയമറിഞ്ഞിട്ടില്ല. മൂന്ന് മത്സരം വിജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു.
2005 ലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് നടന്ന സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ട് മൈക്കല്‍ ഓവന്റെ ഹാട്രിക് മികവില്‍ കൊളംബിയയെ 3-2ന് തകര്‍ത്തിരുന്നു. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഇംഗ്ലണ്ടും കൊളംബിയയും നേര്‍ക്കുനേര്‍ വരുന്നത്. 1998 ല്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ട് 2-0ത്തിന് വിജയിച്ചിരുന്നു. മുന്‍തൂക്കം ഇംഗ്ലണ്ടിനാണെങ്കിലും കൊളംബിയയും മികച്ച ടീമാണ്.
ഫിഫാ റാങ്കിങില്‍ 12ാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഇത് 15ാം തവണയാണ് ലോകകപ്പ് വേദിയിലെത്തുന്നത്. ദൗര്‍ഭാഗ്യം പിടിവിടാത്ത ഒരു ടീമാണ് ഇംഗ്ലണ്ട്. നിരവധി താരങ്ങളുമായി വന്ന് പരാജയപ്പെട്ട് മടങ്ങലാണ് ഇംഗ്ലണ്ടിന്റെ പതിവ്. 1966 ലെ ചാംപ്യന്മാരാണ് ഇംഗ്ലണ്ട്. 1990 ല്‍ സെമിഫൈനല്‍ കളിച്ചതൊഴികെ മറ്റു ലോകകപ്പുകളില്‍ ക്വാര്‍ട്ടറിലും പ്രീ ക്വാര്‍ട്ടറിലും ഗ്രൂപ്പ് സ്റ്റേജിലും മടങ്ങി.
ഫിഫാ റാങ്കിങില്‍ 16ാം സ്ഥാനത്തുള്ള കൊളംബിയ ഇത് ആറാം തവണയാണ് ലോകകപ്പിനെത്തുന്നത്. 2014ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതാണ് അവരുടെ ലോകകപ്പിലെ ഏറ്റവും വലിയ സമ്പാദ്യം. ആദ്യ മത്സരത്തില്‍ പത്ത് പേരുമായി കളിച്ച് ജപ്പാനോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് കൊളംബിയ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."