ഭീകരബന്ധം ആരോപിച്ച് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ യു.എസ് എംബസി ചോദ്യം ചെയ്തു
ലണ്ടന്‍: ഭീകരബന്ധം സംശയിച്ച് മൂന്നു മാസം പ്രായമായ ബ്രിട്ടീഷ് കുഞ്ഞിനെ അമേരിക്കന്‍ എംബസി ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ലണ്ടനിലെ യു.എസ് എംബസിയുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. മുത്തച്ഛന്റെ അമേരിക്കന്‍ യാത്രയാണ് മൂന്നു മാസം പ്രായമായ കുഞ്ഞിന് വിനയായത്. ഇലക്ട്‌ട്രോണിക് സംവിധാനത്തിലൂടെ വിസക്ക് അപേക്ഷിച്ചപ്പോഴുള്ള അബദ്ധം ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിനെ ചോദ്യം ചെയ്തത്. പോള്‍ കെന്‍യോന്‍ (62), ഭാര്യ കാത്തി (57), മകള്‍ ഫയേ (27), മരുമകന്‍ ജോണ്‍ കേണ്‍സ് (31), ഇവരുടെ മൂന്നുവയസ് പ്രായമുള്ള അവ, മൂന്നുമാസം പ്രായമുള്ള ഹാര്‍വെ എന്നിവരാണ് യു.എസിലെ ഫ്‌ളോറിഡ, ഒര്‍ലാന്‍ഡോ എന്നിവിടങ്ങളിലേക്ക് സന്ദര്‍ശനാനുമതി തേടിയത്.
രണ്ടു പ്രദേശങ്ങളിലും ഭീകരാക്രമണം നടന്നതിനാല്‍ ഇവിടേക്ക് പോകുന്നവരെ സംശയത്തോടെയാണ് യു.എസ് അധികൃതര്‍ കാണുന്നത്. ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചപ്പോള്‍ താങ്കള്‍ക്ക് തീവ്രവാദ, ചാരവൃത്തി,വംശഹത്യാ ബന്ധമുണ്ടോയെന്ന കോളത്തില്‍ പോള്‍ അബദ്ധത്തില്‍ ടിക് ചെയ്തതാണ് കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കാരണം. കുഞ്ഞിന്റെ ഫോം പൂരിപ്പിക്കുമ്പോഴാണ് പോളിന് അബദ്ധം പറ്റിയത്. സംസാരിക്കാന്‍ പ്രായമാകാത്ത കുഞ്ഞിനോട് എംബസി ഉദ്യോഗസ്ഥര്‍ തീവ്രവാദ ബന്ധത്തെ കുറിച്ച് ചോദിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ കുഞ്ഞിന്റെ അപേക്ഷയും തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."