ഫാറൂഖ് കോളജ് അച്ഛന്‍കുളം: നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നു
ഫറോക്ക്: അപകടം പതിയിരിക്കുന്ന രാമനാട്ടുകര ഫാറൂഖ് കോളേജിനു സമീപത്തെ അച്ഛന്‍കുളം നാട്ടുകാരില്‍ ആശങ്ക പടര്‍ത്തുന്നു. അന്യനാടുകളില്‍ നിന്നു സമയഭേദമില്ലാതെ കുളിക്കാന്‍ വരുന്നവരാണ് പ്രദേശവാസികള്‍ക്കു തലവേദനയാകുന്നത്. മഴക്കാലത്തു മാത്രം വെള്ളമുണ്ടാകുന്ന കുളത്തില്‍ തുടരെയുണ്ടാകുന്ന മുങ്ങിമരണങ്ങളും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കൂടാതെ കുളിക്കാനെത്തുന്നവര്‍ ഗതാഗതം തടസപ്പെടുത്തി റോഡില്‍ വാഹനം നിര്‍ത്തിയിടുന്നതും പ്രയാസം സൃഷ്ടിക്കുകയാണ്.
രണ്ടാഴ്ച മുന്‍പാണ് ഈ കുളത്തില്‍ പതിനെട്ടു വയസുകാരന്‍ മുങ്ങിമരിച്ചത്. കുളത്തിനടിയില്‍ വലിയ പാറക്കെട്ടുകളാണ്. ഇതറിയാതെ എത്തുന്നവര്‍ കുളത്തില്‍ ചാടി കുളിക്കുന്നതാണ് അപകട സാധ്യതയേറ്റുന്നത്. ദൈവിക വരദാനമായി കിട്ടിയെന്നു നാട്ടുകാര്‍ വിശ്വസിക്കുന്ന ഈ കുളത്തിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടക്കാരും കഞ്ചാവ് ലോബിയും താവളമാക്കുന്നതായും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. കുളത്തില്‍ കുളിക്കാനെന്ന വ്യാജേനെ പരിസരം മയക്കുമരുന്ന് കച്ചവടത്തിനു ഉപയോഗിക്കുന്നതായാണ് ആരോപണം. പരിസരപ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയ ഇവിടെ തമ്പടിക്കുന്നത്. ദിവസവും രാവിലെ രണ്ടിനും വൈകിട്ട് രണ്ട് മണിക്കൂറും മാത്രം കുളം തുറന്നുകൊടുത്താല്‍ മതിയെന്നാണു പരിസരവാസികളുടെ അഭിപ്രായം. കുളിക്കാനെത്തുന്നവരുടെ ബാഹുല്യം കുറക്കാന്‍ സമയക്രമം സഹായകരമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. കുളിക്കാനെത്തുന്നവരുടെ കൂടെ വരുന്ന കുട്ടികള്‍ കുളത്തിലേക്കിറങ്ങി അപകടത്തില്‍ പെടറുമുണ്ട്. ഫറോക്ക് പൊലിസും രാമനാട്ടുകര നഗരസഭാ അധികൃതരും ഈ വിഷയത്തില്‍ അടിയന്തര തീരുമാനം കൈക്കൊള്ളണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."