ബൈക്കിലെത്തി മാലപൊട്ടിക്കുന്ന രണ്ടുപേര്‍ പിടിയില്‍
ചിറ്റൂര്‍: ബൈക്കില്‍ സഞ്ചരിച്ച് റോഡില്‍ തനിച്ചുപോകുന്ന സ്ത്രീകളുടെ മാലപൊട്ടിച്ചു രക്ഷപ്പെടുന്ന സംഘത്തിലെ രണ്ടുപേരെ ചിറ്റൂര്‍ പൊലിസ് അറസ്റ്റുചെയ്തു. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ സ്വദേശികളായ രാജേന്ദ്രന്റെ മകന് മിഥുന് (24), ഷണ്മുഖന് മകന് അരുണ്‍ (20) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ ഇരുവരെയും ചോദ്യം ചെയ്തതിലാണ് മാലമോഷ്ടാക്കളാണെന്നു തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരുവര്‍ഷമായി ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ഇരട്ടക്കുളം, അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ നിരവധി തവണ ഇവര്‍ ആഭരണകവര്ച്ചകള് നടത്തിയിട്ടുണ്ട്. ഇതില്‍ ഏഴുകേസുകള്‍ പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. ചിറ്റൂര്‍ സി.ഐ കെ.എം ബിജു, എസ്.ഐ ബഷീര്‍ സി തറയില്‍, എസ്.സി.പി.ഒ നസീറലി, ജേക്കബ്, സി.പി.ഒമാരായ തമ്പി, സന്തോഷ് കുമാര്‍ എന്നിവരാണ് കവര്‍ച്ചക്കാരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നവര്‍. പിടികൂടിയ ഇരുവര്ക്കുതിരേ കൊഴിഞ്ഞാമ്പാറ പൊലിസില്‍ കേസുകളുണ്ട്. കവര്‍ച്ച ചെയ്യുന്ന ആഭരണങ്ങള്‍ ബാങ്കില്‍ പണയം വയ്ക്കുകയും പിന്നീട് തിരിച്ചെടുത്ത് വില്പന നടത്തി ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പൊലിസ് പറഞ്ഞു. തനിയെ പോകുന്ന സ്ത്രീകളുടെ സമീപത്ത് ബൈക്ക് നിര്‍ത്തി ഏതെങ്കിലും പേരുപറഞ്ഞ് അവരുടെ വീട് എവിടെയാണെന്ന് അന്വേഷിക്കും. തുടര്‍ന്ന് പെട്ടെന്ന് മാലമോഷ്ടിച്ച് രക്ഷപ്പെടുകയാണ് ഇവരുടെ രീതി. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."