സെവന്‍സ് ഫുട്‌ബോള്‍ താരം മുംബൈയില്‍ കുടുങ്ങിയത് 73 ദിവസം
മുംബൈ: ശരിക്കും അവിടെ വച്ച് മരിക്കുമെന്നു വരെ ഞാന്‍ ഭയന്നു... മരണത്തിന്റെ ഭീകരരൂപം മുന്നില്‍ക്കണ്ട് റാന്‍ഡി യുവാന്‍ മുള്ളര്‍ തന്റെ അനുഭവം വിവരിക്കുമ്പോള്‍ കണ്ണില്‍ നിസ്സഹായതയുടെ നിഴല്‍ വീണിട്ടുണ്ടാകും. അത്രമേല്‍ ഭീതിദമായ സാഹചര്യത്തില്‍ 73 ദിവസം ജീവിച്ചത് ദൈവം ബാക്കിവച്ച ആയുസിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും കരുത്തില്‍ മാത്രമായിരുന്നു. ആ ആത്മവിശ്വാസം മുള്ളറിന്റെ ജീവിതത്തോട് ഓരം ചേര്‍ന്നുനിന്നപ്പോള്‍ പ്രതീക്ഷകളുടെയറ്റത്തുനിന്ന് അയാള്‍ ജീവിച്ചുതുടങ്ങി.
''എന്നെ ഒരു പൊലിസുകാരന്‍ പിന്തുടരുന്നുണ്ടായിരുന്നു. ഒടുവില്‍ എന്റെ അടുത്തെത്തി അവിടം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. പക്ഷേ, ലോക്ക് ഡൗണില്‍ ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ തിരിച്ച് കേരളത്തിലേക്ക് പോകാന്‍ കഴിഞ്ഞില്ല, അടുത്ത നീക്കം മുംബൈയിലെ പ്രധാന ഹോട്ടലില്‍ താമസിക്കുക എന്നതായിരുന്നു. പക്ഷേ, പോക്കറ്റില്‍ ആകെയുള്ളത് 1,000 രൂപയും ചില്ലറ പൈസയും.... ശരിക്കും അവിടെവച്ച് മരിക്കുമെന്ന്... '' 73 ദിവസം മുന്‍പ് കേരളത്തില്‍നിന്ന് സ്വന്തം നാടായ ഘാനയിലേക്ക് പുറപ്പെടുന്നതിനിടെ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പറയുകയാണ് തൃശൂര്‍ ജില്ലയിലെ സെവന്‍സ് ഫുട്‌ബോള്‍ ക്ലബ് ഒ.ആര്‍.പി.സി കേച്ചേരിയുടെ താരം റാന്‍ഡി യുവാന്‍ മുള്ളര്‍.
കൊവിഡ് മഹാമാരി വ്യാപിക്കുന്ന മാര്‍ച്ച് മാസത്തിന്റെ മധ്യത്തിലായിരുന്നു റാന്‍ഡി യുവാന്‍ മുള്ളര്‍ സ്വന്തം നാട്ടിലേക്ക് പുറപ്പെടാന്‍ മുംബൈ വിമാനത്താവളത്തിലേക്ക് ട്രെയിന്‍ കയറിയത്. എന്നാല്‍ അവിടെനിന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വിമാനമുണ്ടാകില്ലെന്ന വാര്‍ത്ത അറിഞ്ഞതോടെ വിമാനത്താവളത്തിനുള്ളില്‍ തന്നെ ഒരു ചെറിയ ടെന്റ് കെട്ടി താമസിച്ചു തുടങ്ങിയപ്പോള്‍ 73 ദിവസമൊന്നും പ്രതീക്ഷിച്ചിരിക്കില്ല.
''കൊവിഡിനെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ താരത്തിനു പേടിയായിരുന്നു. എന്നാല്‍ ഞങ്ങള്‍ സമാശ്വസിപ്പിച്ച് നാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. അടുത്ത വര്‍ഷം കാണാമെന്നു പ്രതീക്ഷ പങ്കുവച്ച് മുള്ളര്‍ യാത്ര തിരിക്കുകയും ചെയ്തു- ക്ലബ്ബിന്റെ ഗോള്‍ കീപ്പറായ ഫൈസല്‍ പറഞ്ഞു. എന്നാല്‍ ആശ വച്ച് കേരളം വിട്ട മുള്ളറിനു പക്ഷേ, ദുരിതക്കനല്‍ തന്നെ താണ്ടേണ്ടി വന്നു. വിമാനത്താവളത്തില്‍ കുടുങ്ങിയ ശേഷം മുംബൈ പൊലിസ്, സി.ഐ.എസ്.എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവരുടെ സഹായമെത്തിയതോടെയാണ് താരത്തിനു ശ്വാസം നേരെ വീണത്. കൈയിലുണ്ടായിരുന്നതാവട്ടെ, കൊവിഡിനെ തുടര്‍ന്ന് വെട്ടിക്കുറച്ച ആറു മാസത്തെ ശമ്പളമായ 1,000 രൂപ മാത്രം.
വിശപ്പിന്റെ കാഠിന്യം അത്രമേല്‍ അസഹനീയമാകുമ്പോള്‍ മാത്രം തൊട്ടടുത്ത സ്റ്റാളിനെ ആശ്രയിച്ചു. മറ്റു ചിലപ്പോള്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ സ്‌നേഹം പകര്‍ന്നുനല്‍കി. കേരളത്തിലെ ഫുട്‌ബോള്‍ കഥകളും ഘാനയിലെ മതാചാരവും പങ്കുവയ്ക്കാന്‍ അവരെ കൂട്ടുപിടിച്ചു. അങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനിടെ ഇടയ്‌ക്കെവിടെയോ വച്ച് മൊബൈല്‍ കളഞ്ഞുപോയി. അതോടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ജീവനക്കാര്‍ അപ്പോഴും താരത്തിനൊപ്പം നിന്നു. ഒടുവില്‍, താരത്തിന്റെ അവസ്ഥ ട്വിറ്ററിലൂടെ മനസിലാക്കിയ മുഖ്യമന്ത്രി ആദിത്യ താക്കറെയുടെ ഇടപെടലിനെ തുടര്‍ന്ന് താരത്തെ സാധാരണ ഹോട്ടല്‍ മുറിയിലാക്കി. ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലേക്കു കയറ്റുമെന്ന വാഗ്ദാനവും നല്‍കി.
യാത്രയാകാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനങ്ങള്‍ റദ്ദാക്കിയതിന്റെ നിരാശയില്‍ വൃത്തിയും വെടിപ്പുമുള്ള മൂലയില്‍ ഇരുന്നതു താരമോര്‍ത്തു. എന്നാല്‍ ആ നീക്കം 74 ദിവസം നീളുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ശരിക്കും മുംബൈയിലെ അന്തരീക്ഷം നന്നായി ആസ്വദിച്ചു. കിടന്നതില്‍ വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്. ആ ഇളം കാറ്റ്, ആ മിന്നിമറയുന്ന നക്ഷത്രങ്ങള്‍, സസ്‌നേഹമുള്ള ജനം എല്ലാം എന്നെ ഇന്ത്യക്കാരനാക്കി- മുള്ളര്‍ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് നിന്നും കെനിയന്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറക്കുന്നതും കാത്തിരിപ്പാണ് 24കാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."