മങ്കരയിലെ കവര്‍ച്ച: നാട്ടുകള്ളന്മാരെന്ന് സൂചന
വടക്കാഞ്ചേരി: നഗരസഭയിലെ മങ്കര റേഷന്‍ കട പരിസരത്ത് തസ്‌കരന്മാര്‍ പട്ടാപകല്‍ കവര്‍ച്ച ചെയ്ത വീട്ടില്‍ വിരലടയാള വിദഗ്ദരെത്തി തെളിവെടുത്തു. ഇന്നലെ രാവിലെയാണ് വിരലടയാള വിദഗ്ദന്‍ നാരായണ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചത്. മൂന്ന് പവന്‍ സ്വര്‍ണവും, പതിനായിരം രൂപയുമാണ് ചൊവ്വാഴ്ച കവര്‍ന്നിരുന്നത്. കുറ്റിക്കാടന്‍ ആന്റണിയുടെ വീടാണ് കൊള്ളയടിച്ചത്. രണ്ട് പവന്‍ തൂക്കമുള്ള മാല, നാല് ഗ്രാം വീതമുള്ള രണ്ട് മോതിരം, പതിനായിരം രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. ഓട്ടോ ഡ്രൈവറായ ആന്റണിയും നഗരത്തിലെ ഒരു ജ്വല്ലറി ജീവനക്കാരിയായ ഭാര്യ ഷൈലയും ജോലിക്ക് പോവുകയും വിദ്യാര്‍ഥികളായ മക്കള്‍ സ്‌കൂളിലേക്ക് പോവുകയും ചെയ്ത സമയത്താണ് ജനവാസ മേഖലയിലെ വീട്ടില്‍ മോഷണം നടന്നത്.
വീടിന് പുറകില്‍ രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കൈവശപ്പെടുത്തി മുന്‍ വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയത്. വീടിനുള്ളിലെ രണ്ട് അലമാരകളും തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വൈകിട്ട് സ്‌കൂള്‍വിട്ടെത്തിയ ആന്റണിയുടെ മക്കളാണ് മോഷണം നടന്ന വിവരം അറിയുന്നത്. വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തി വീട് സീല്‍ ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ വലിയ മോഷണ സംഘമല്ലെന്നും നാട്ടുകള്ളന്മാരാണെന്നുമാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."