മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴില്‍ ദിനത്തില്‍ തിരുവനന്തപുരം മുന്നില്‍
മണ്ണാര്‍ക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച ഖ്യാതി തിരുവനന്തപുരം ജില്ലക്ക്. 1.08 കോടി തെഴില്‍ ദിനങ്ങളാണ് തലസ്ഥാന ജില്ല സൃഷ്ടിച്ചത്. 78.43 ലക്ഷം തൊഴില്‍ ദിനങ്ങളുമായി ആലപ്പുഴയും, 72.36 ലക്ഷം തൊഴില്‍ ദിനങ്ങളുമായി പാലക്കാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത്. കോട്ടയം ജില്ല 23.03 ലക്ഷം തൊഴില്‍ ദിനങ്ങളുമായി ജില്ലകളില്‍ കോട്ടയം 14ാം സ്ഥാനത്താണ്.
ഒരു കുടുംബത്തിന് 100 ദിനം തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം സംസ്ഥാനത്ത് 1.13 ലക്ഷം കുടുംബങ്ങള്‍ക്കാണ് ലഭിച്ചത്. ഇതിലും 20882 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി തിരുവനന്തപുരമാണ് ഒന്നാമത്. 12839 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി ആലപ്പുഴ രണ്ടാമതും, 10679 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി കൊല്ലം മൂന്നാമതും, 10360 ഉമായി തൃശൂര്‍ നാലാമതും, 10336ഉമായി പാലക്കാട് അഞ്ചാം സ്ഥാനത്തുമാണ്. കോട്ടയം ജില്ലയാകട്ടെ 1875 കുടുംബങ്ങള്‍ക്ക് മാത്രമാണ് 100 ദിവസം തൊഴില്‍ നല്‍കിയത്.
ബ്ലോക്കുതല കണക്കുകളില്‍ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്ക് 4721 കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ തൊഴില്‍ നല്‍കി ഒന്നാമതായി. 4224 കുടുംബങ്ങള്‍ക്ക് പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിച്ച് തിരുവനന്തപുരം ജില്ലയിലെ വെളളനാട് ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനത്താണ്. ഗ്രാമപഞ്ചായത്തുകളില്‍ തിരുവനന്തപുരം ജില്ലയിലെ പൂവ്വച്ചാല്‍ ഗ്രാമപഞ്ചായത്താണ് 1592 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം നല്‍കി സംസ്ഥാനത്തെ ഒന്നാമത് പഞ്ചായത്ത്. 1591 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി കല്ലിക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി.
പദ്ധതി പ്രകാരം 2016 ഡിസംബര്‍ മാസം മുതല്‍ തൊഴിലെടുത്ത തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് 750 കോടി രൂപയാണ് കുടിശ്ശികയായുളളത്. ഇതില്‍ വിഷുപ്രമാണിച്ച് 120 കോടി രൂപമാത്രമാണ് അനുവദിച്ചിരിക്കുന്നത്. ശേഷിക്കുന്നവ ഇനി എന്ന് ലഭിക്കുമെന്ന് പറയാന്‍ അധികൃതര്‍ക്കാവുന്നില്ല.
കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ നിരക്കനുസരിച്ച് നിലവില്‍ ഒരു ദിവസത്തെ അവിദഗ്ധ വേതനം 240 എന്നത് 258 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വരള്‍ച്ച സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചതില്‍ കേരളവും ഇടം നേടിയിട്ടുണ്ട്. അത്തരം ഉത്തരവിറങ്ങുകയാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തും ഒരു കുടുംബത്തിന് 150 തൊഴില്‍ ദിനങ്ങള്‍ ലഭിക്കാനിടയാവും. തൊഴിലാളികള്‍ക്ക് ആധാര്‍ ബന്ധിത അക്കൗണ്ടിലേക്ക് മാത്രമെ ഈ വര്‍ഷം പണം ലഭിക്കുകയൊളളുവെന്നുമാണ് അറിയാന്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."