സ്‌കൂള്‍ ഉച്ചഭക്ഷണ അരി കുട്ടികളുടെ വീട്ടിലെത്തും
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിനുള്ള അരിയും പയറും നേരിട്ട് കുട്ടികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഉച്ചഭക്ഷണത്തിനായുള്ള ഭക്ഷ്യവസ്തുക്കള്‍ എഫ്.സി.ഐയില്‍ കെട്ടിക്കിടക്കുകയാണ്. ഇവ എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. സ്‌കൂള്‍ തുറക്കല്‍ വൈകുന്നതിനാല്‍ മഴക്കാലത്ത് അരിച്ചാക്കുകള്‍ കെട്ടിക്കിടന്ന് നശിച്ചുപോകാതിരിക്കാനാണ് ഓരോ വിദ്യാര്‍ഥിക്കുമുള്ള വിഹിതം കണക്കാക്കി അരി വിതരണം ചെയ്യുന്നത്.
ഉച്ചഭക്ഷണത്തിനായി ഒരു കുട്ടിക്ക് പ്രതിദിനം അരിയും പയറും ഉള്‍പ്പെടെ 150 ഗ്രാം ഭക്ഷ്യവസ്തുക്കളാണ് സര്‍ക്കാര്‍ നല്‍കുന്നത്. എഫ്.സി.ഐയില്‍ നിന്നും ഇവ ശേഖരിച്ച് സ്‌കൂളുകള്‍ക്ക് കൈമാറുന്നത് സിവില്‍ സപ്ലൈസ് വകുപ്പാണ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നല്‍കുന്ന കണക്കനുസരിച്ച് സ്‌കൂളധികൃതര്‍ നേരിട്ട് ഗോഡൗണുകളിലോ മാവേലി സ്റ്റോറുകളിലോ എത്തി അരി കൈപ്പറ്റുകയാണ് പതിവ്. മധ്യവേനലവധി ഉള്‍പ്പെടെ എല്ലാ മാസങ്ങളിലും നിശ്ചിത അളവില്‍ ഇവ സ്‌കൂളുകള്‍ക്ക് നല്‍കും. അവധിക്കാലത്തെ അരി സ്‌കൂളുകള്‍ പൂട്ടുമ്പോഴോ ഓണത്തിനോ കുട്ടികള്‍ക്ക് വീട്ടിലേക്ക് കൊടുത്തുവിടുകയാണ് സാധാരണ ചെയ്യാറ്.
എന്നാല്‍ ഇത്തവണ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഇവ സ്‌കൂളുകള്‍ക്ക് നല്‍കാന്‍ സാധിച്ചില്ല. ഇത്തരത്തില്‍ എഫ്.സി.ഐ ഗോഡൗണുകളിലുള്ള അരിയാണ് സപ്ലൈകോ വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ഭക്ഷ്യവസ്തുക്കള്‍ കൂപ്പണ്‍ സംവിധാനത്തില്‍ ഒരുമിച്ച് നല്‍കാനാണ് ആലോചിക്കുന്നത്.
അര്‍ഹതപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ രേഖപ്പെടുത്തിയ കൂപ്പണ്‍ ഓരോ വിദ്യര്‍ഥികള്‍ക്കും അതത് സ്‌കൂളുകള്‍ നല്‍കും. ഈ കൂപ്പണ്‍ നല്‍കിയാല്‍ സപ്ലൈകോയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാകുന്ന രീതിയിലായിരിക്കും വിതരണ സംവിധാനം. ഓരോ വിദ്യാര്‍ഥിക്കും അഞ്ചു കിലോയില്‍ കുറയാതെ അരി ലഭിച്ചേക്കും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം കാത്തിരിക്കുകയാണ് ഭക്ഷ്യവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."