നെന്മേനി ജലശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി
കല്ലൂമുക്ക്: ജലനിധി പദ്ധതിയുടെ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച നെന്മേനി ജലശുദ്ധീകരണ പ്ലാന്റ് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രണ്ടുകോടി ചെലവില്‍ നിര്‍മിച്ച പ്ലാന്റില്‍ പ്രതിദിനം 20 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിച്ച് അയ്യായിരം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാം. നിലവില്‍ 3,584 കുടുംബങ്ങള്‍ക്ക് ജലം വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ 292 കുടുംബങ്ങള്‍ പട്ടികജാതിവര്‍ഗ വിഭാഗക്കാരും 1,053 കുടുംബങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരും 1,519 കുടുംബങ്ങള്‍ ഇതര വിഭാഗക്കാരുമാണ്.
നെന്മേനി ഗ്രാമപഞ്ചായത്തിലെ കല്ലുമുക്കിലാണ് പ്ലാന്റ്. തിരുവല്ല ജെ ആന്‍ഡ് ബിഎന്‍ജിനീയറിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്ലാന്റിന്റെ പ്രവൃത്തി എറ്റെടുത്തത്. പ്രതിമാസം പതിനായിരം ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ ഗുണഭോക്തൃ വിഹിതമായി 75 രൂപ നല്‍കണം. പ്രത്യേക പരിപാടികള്‍ക്കും കൂടുതലായി വെള്ളം ആവശ്യമാണെങ്കിലും പ്രത്യേക നിരക്കില്‍ ജലവിതരണം നടത്തും. ഗവ. ആശുപത്രിക്ക് താരിഫ് കണക്കാക്കാതെ സൗജന്യമായി വെള്ളം നല്‍കും.
ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പ്രത്യേക വാഹനം സൊസൈറ്റിക്കുണ്ട്. മീറ്റര്‍ റീഡിങും ബില്ലുകളും ഓണ്‍ലൈനാക്കുന്നതിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിര്‍വഹിച്ചു. കോണ്‍ട്രാക്ടര്‍ക്കുള്ള ഉപഹാരം നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍കറപ്പനും സോഫ്റ്റ്‌വെയര്‍ കമ്പനിക്കുള്ള ഉപഹാര സമര്‍പ്പണം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂരും നിര്‍വഹിച്ചു. ജലനിധി കണ്ണൂര്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂനിറ്റ് പ്രൊജക്ട് ഡയറക്ടര്‍ ടി.പി ഹൈദര്‍ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമിതി പ്രസിഡന്റ് പി.എം കുര്യാക്കോസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."