ബി.ജെ.പിക്കു സീറ്റുകള്‍ കൂടുന്നതിനനുസരിച്ച് മുസ്‌ലിം പ്രാതിനിധ്യം കുറയുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബി.ജെ.പിക്കു സീറ്റുകള്‍ കൂടുന്നതിനനുസരിച്ച് പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബി.ജെ.പിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ഉണ്ടായ 1980 മുതല്‍ 2014വരെയുള്ള കാലത്ത് പാര്‍ലമെന്റിലെ ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം ഏകദേശം പകുതിയിലേറെയാണ് കുറഞ്ഞത്.
ഇക്കാലയളവില്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 11.1 ശതമാനത്തില്‍നിന്ന് 14.2 ശതമാനത്തിലേക്കു കൂടിയെങ്കിലും പാര്‍ലമെന്റിലെ പ്രാതിനിധ്യം ഒന്‍പത് ശതമാനത്തില്‍നിന്ന് 3.7 ശതമാനമായി ഇടിഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവര്‍ക്കു വളരെ കുറഞ്ഞ പ്രാതിനിധ്യം നല്‍കുന്നതുകൊണ്ടും വിജയസാധ്യതയുള്ള സീറ്റ് മുസ്‌ലിംകള്‍ക്കു നല്‍കാത്തതുകൊണ്ടുമാണിത്.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ബി.ജെ.പി മുസ്‌ലിം സ്ഥാനാര്‍ഥികളോട് കാണിക്കുന്ന അയിത്തമാണ് ഈ പ്രതിഭാസത്തിനു കാരണം. 2009ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇന്ത്യയിലാകെ നാലുസ്ഥാനാര്‍ഥികളെ മാത്രമാണ് നിര്‍ത്തിയത്. ഇതാവട്ടെ മൊത്തം സ്ഥാനാര്‍ഥികളുടെ 0.48 മാത്രമെ വരൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴുപേരെ നിര്‍ത്തി- രണ്ടു ശതമാനം. എന്നാല്‍, ഇതില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥി പോലും വിജയിച്ചില്ല. ഇതോടെ ഇന്ത്യന്‍ ചരിത്രത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള മുസ്‌ലിം എം.പിയെ വിജയിപ്പിക്കാത്ത ഏക പാര്‍ട്ടിയും ബി.ജെ.പിയായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നടന്ന പ്രധാന മത്സരങ്ങളിലൊന്നായിരുന്നു ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ്. 2017ല്‍ സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ 428 മണ്ഡലങ്ങളില്‍ സംസ്ഥാനത്തെ 18 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തില്‍നിന്ന് ഒരാളെ പോലും ബി.ജെ.പി എവിടെയും നിര്‍ത്തിയില്ല. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി ഭരിക്കുമ്പോള്‍ 18 ശതമാനം ആയിരുന്നു മുസ്‌ലിം സാമാജികരുടെ എണ്ണം. ഇപ്പോഴത് ആറുശതമാനമായി ചുരുങ്ങി.
ബി.ജെ.പി മുസ്‌ലിം സ്ഥാനാര്‍ഥികളോട് അയിത്തം കാണിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ മടിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി 2009ല്‍ കോണ്‍ഗ്രസ് ആകെ 31 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്- 3.7 ശതമാനം. ഇതില്‍ 11 പേരെ വിജയിച്ചുള്ളൂ. എന്നാല്‍, പ്രാദേശികകക്ഷികളായ ബി.എസ്.പിയും എസ്.പിയുമാണ് കോണ്‍ഗ്രസിനെ അപേക്ഷിച്ച് കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് അവസരം നല്‍കിയത്.
മുസ്‌ലിംകള്‍ക്ക് പ്രാദേശികകക്ഷികള്‍ കൂടുതല്‍ അവസരം കൊടുക്കുന്നതിനാല്‍ ബി.ജെ.പിക്കു പകരം കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോഴും ഈ പ്രതിഭാസത്തിനു കാര്യമായ മാറ്റം ഉണ്ടാവാറില്ല. കാരണം ഹൈന്ദവരാഷ്ട്രീയത്തിന് നിര്‍ണായക സ്വാധീനമുള്ള ഉത്തരേന്ത്യയില്‍ കൂടുതലായി മുസ്‌ലിം സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നിര്‍ത്താറില്ല.
തരക്കേടില്ലാത മുസ്‌ലിം ജനസംഖ്യയുള്ള മഹാരാഷ്ട്രയില്‍ ഒരിക്കലും മുസ്‌ലിം എം.എല്‍.എമാരുടെ എണ്ണം അഞ്ചുശതമാനത്തിനപ്പുറം കടന്നിട്ടില്ല. ഗുജറാത്തില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളുടെ കണക്ക് ഇതുവരെ ഏഴുശതമാനത്തിനപ്പുറവും പോയിട്ടില്ല. നിലവില്‍ സംസ്ഥാനത്തെ മുസ്‌ലിം എം.എല്‍.എമാരുടെ എണ്ണം ഒരുശതമാനം മാത്രമാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 462ല്‍ 27 മുസ്‌ലിംകളെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയത്- 6 ശതമാനം.
എന്നാല്‍, ആ സമയം ഏറ്റവുമധികം മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചത് ബി.എസ്.പിയും എ.എ.പിയുമായിരുന്നു. തങ്ങളുടെ 510 സീറ്റില്‍ ബി.എസ്.പി 48ഉം 427ല്‍ എ.എ.പി 41ഉം മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി. മത്സരിച്ച 93 സീറ്റില്‍ സി.പി.എം 14 ഉം 195 സീറ്റില്‍ മത്സരിച്ച എസ്.പി 36 ഉം മുസ്‌ലിംലീഗ് 22ഉം എ.ഐ.യു.ഡി.എഫ് പത്തും മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി.
ഇതിനൊടുവില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രാജ്യത്ത് 14 ശതമാനമുള്ള സമുദായത്തിനുള്ള പാര്‍ലമെന്റിലെ പ്രാതിനിധ്യം വെറും നാലുശതമാനമായി ചുരുങ്ങുകയും ചെയ്തു. ബി.ജെ.പിക്കു സ്വന്തമായി കേവലഭൂരിപക്ഷം ലഭിച്ചെങ്കിലും അതില്‍ ഒരു മുസ്‌ലിം എം.പിയും ഉണ്ടായതുമില്ല. പാര്‍ലമെന്റിലെ ബി.ജെ.പിയിലെ നാമമാത്ര മുസ്‌ലിം പ്രാതിനിധ്യം രാജ്യസഭയിലാണുള്ളത്, മുഖ്താര്‍ അബ്ബാസ് നഖ്‌വിയും എം.ജെ അക്ബറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."